ഫുള്‍ ചാര്‍ജില്‍ ഫില്‍ സാള്‍ട്ട്; ലഖ്‌നൗവിനെതിരേ കൊല്‍ക്കത്തക്ക് വന്‍ ജയം, തകര്‍ത്തത് 8 വിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എട്ടു വിക്കറ്റിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കാനേ ആയുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക്, ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിന്റെ വെടിക്കെട്ട് പ്രകടനവും (47 പന്തില്‍ 89) ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ഇന്നിങ്‌സും (38 പന്തില്‍ 38) ജയമൊരുക്കി. സ്‌കോര്‍- ലഖ്‌നൗ: 161/ 8 (20 ഓവര്‍). കൊല്‍ക്കത്ത: 162/2 (15.4 ഓവര്‍). നാലോവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ലഖ്‌നൗവിനെ തകര്‍ത്തത്. ലഖ്നൗവിന് വേണ്ടി നിക്കോളാസ് പുരാന്‍ 45 (32), കെഎല്‍ രാഹുല്‍ 39 (27), ആയുഷ് ബദോനി 29 (27) റണ്‍സ് നേടി. വൈഭവ് അറോറ, സുനില്‍ നരേന്‍, വരുണ്‍ ചക്രവര്‍ത്തി, റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് രണ്ടാം ഓവറില്‍ത്തന്നെ സുനില്‍ നരെയ്‌നെ നഷ്ടപ്പെട്ടെങ്കിലും ഫിലിപ് സാള്‍ട്ട് ഒരുവശത്ത് ആക്രമണ സ്വഭാവത്തോടെ ഉറച്ചുനിന്നു. മൂന്ന് സിക്‌സുകളും 14 ഫോറുകളും ചേര്‍ന്നതാണ് സാള്‍ട്ടിന്റെ ഇന്നിങ്‌സ്. നാലാം ഓവറില്‍ അങ്ക്ക്രിഷ് രഘുവന്‍ഷിയും പുറത്തായി. മുഹ്‌സിന്‍ ഖാനാണ് ഇരുവരെയും പുറത്താക്കിയത്. ആറു പന്തില്‍ എട്ടു റണ്‍സാണ് സമ്പാദ്യം. നാലാം ഓവറില്‍ പിന്നീട് കൂട്ടുചേര്‍ന്ന ഫിലിപ് സാള്‍ട്ടും ശ്രേയസ് അയ്യരും ചേര്‍ന്ന് വിജയമൊരുക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 120 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി പുറത്താവാതെ നിന്ന് ടീമിന്റെ ജയം സാധ്യമാക്കി. ലഖ്‌നൗവിന്റെ ഷമാര്‍ ജോസഫ് നാലോവറില്‍ 47 റണ്‍സ് വഴങ്ങി. ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ദേവദത്ത് പടിക്കലിനെ ഒഴിവാക്കി രണ്ട് മാറ്റങ്ങളാണ് ലഖ്നൗ വരുത്തിയത്. പടിക്കലിന് പകരം ദീപക് ഹൂഡയെ ഉള്‍പ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസിന്റെ പുതിയ പേസ് താരോദയമായ ഷമാര്‍ ജോസഫ് നവീനുള്‍ ഹഖിന് പകരം ലക്നൗ നിരയിലുണ്ട്. വിജയ പരമ്പര തുടരുന്ന ടീമില്‍ മാറ്റമില്ലാതെയാണ് കൊല്‍ക്കത്ത കളിക്കാനിറങ്ങിയത്.