KSDLIVENEWS

Real news for everyone

ഉത്തരാഖണ്ഡിലെ 170 മദ്റസകള്‍ സീല്‍ ചെയ്തു; ചരിത്രപരമായ നടപടിയെന്ന് മുഖ്യമന്ത്രി

SHARE THIS ON

ഡേറാഡ്യൂണ്‍: ഉത്തരാഖണ്ഡിലുടനീളമുള്ള 170 മദ്റസകള്‍ക്ക് താഴിട്ട് സർക്കാർ. മദ്റസ ബോർഡിലോ വിദ്യാഭ്യാസ വകുപ്പിലോ രജിസ്റ്റർ ചെയ്തില്ലെന്നാരോപിച്ചാണ് സർക്കാറിന്റെ നടപടി.

അതേസമയം, മദ്റസകള്‍ സീല്‍ ചെയ്തത് ചരിത്ര നടപടിയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമി ന്യായീകരിച്ചു. വിദ്യാഭ്യാസത്തിന്റെ പേരില്‍ കുട്ടികളെ തീവ്രവാദത്തിലേക്ക് നയിക്കുന്ന സ്ഥാപനങ്ങളാണ് മദ്റസകള്‍ എന്നും പുഷ്‍കർ സിങ് ധാമി അധിക്ഷേപിച്ചു. ഇത്തരം സ്ഥാപനങ്ങളെ ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോഴത്തെ പരിശോധന ഒരു തുടക്കം മാത്രമാണെന്നാണ് ഉദ്യോഗസ്ഥർ നല്‍കുന്ന സൂചന. അടച്ചു പൂട്ടിയ മദ്റസകളെല്ലാം പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നതാണ്. നിലവില്‍ 500 ഓളം മദ്റസകള്‍ സൂക്ഷ്മ പരിശോധനയിലാണ്. അവ ഉടൻ അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഏപ്രില്‍ 13ന് ഹല്‍ദ്വാനിയിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ ബൻഭൂല്‍പുരയില്‍ ജില്ലാഭരണകൂടം, മുനിസിപ്പല്‍ കോർപറേഷൻ, ലോക്കല്‍ പൊലീസ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അതിനു പിന്നാലെ രജിസ്ട്രേഷൻ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ് ഏഴ് മദ്റസകള്‍ സീല്‍ ചെയ്തു.

സർക്കാർ നിയോഗിച്ച പ്രത്യേക സംഘങ്ങള്‍ നടത്തിയ വിശദമായ സർവേകളില്‍ നിന്നുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ ഓഫീസില്‍ നിന്നുള്ള കത്തില്‍ പറയുന്നത്. ഒപ്പം മദ്രസകളെയും നടത്തിപ്പുകാരെയും മുഖ്യമന്ത്രി കത്തില്‍ അധിക്ഷേപിക്കുകയും ചെയ്തു. സർക്കാറിന്റെ നടപടിക്കു പിന്നാലെ പൗരാവകാശ പ്രവർത്തകരും മുസ്‍ലിം പുരോഹിതരും മദ്റസകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!