KSDLIVENEWS

Real news for everyone

ഷാര്‍ജയിലെ 51 നില റെസിഡൻഷ്യല്‍ ടവറില്‍ വൻ അഗ്നിബാധ; രക്ഷപ്പെടാൻ താഴേക്ക് ചാടിയ നാലുപേര്‍ മരിച്ചു

SHARE THIS ON

ഷാർജ: ഷാർജയിലെ അല്‍ നഹ്ദ പ്രദേശത്തെ ബഹുനില റെസിഡൻഷ്യല്‍ ടവറില്‍ വൻ അഗ്നിബാധ. തീപിടുത്തത്തില്‍നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് ചാടിയ നാലുപേർ മരിച്ചു.

ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നുള്ള നാല് പേർ ആണ് മരിച്ചതെന്നു സ്ഥിരീകരിച്ചു.

42 റെസിഡൻഷ്യല്‍ നിലകളും ഒമ്ബത് നില പാർക്കിംഗ് സൗകര്യങ്ങളും ഉള്ള 51 നില കൂറ്റൻ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അറ്റകുറ്റപ്പണികള്‍ക്കായി സജ്ജീകരിച്ച കയറുകളും സ്കാഫോള്‍ഡിംഗും ഉപയോഗിച്ച്‌ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആണ് ഇവർ മരിച്ചത്. സംഭവത്തെതുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു. 148 താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.

പുക ശ്വസിച്ചതും നിസ്സാര പരിക്കുകളും കാരണം ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് സ്ഥലത്തുതന്നെ പ്രാഥമിക പരിചരണം നല്‍കി.

സംഭവസമയത്ത് ഫയർ അലാറം കേട്ടില്ലെന്ന് 21-ാം നിലയില്‍ താമസിക്കുന്ന ഈജിപ്ഷ്യൻ നിവാസി പറഞ്ഞു. ഇടനാഴിയില്‍ പുക കണ്ടു, പടികള്‍ ഇറങ്ങി ഓടി. ഞങ്ങള്‍ നിലത്ത് എത്തിയപ്പോള്‍ എമർജൻസി സംഘങ്ങള്‍ ഇതിനകം അവിടെ ഉണ്ടായിരുന്നു. ഞങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് നയിച്ചു- അദ്ദേഹം പറഞ്ഞു.

ചിലർ കയറുകള്‍ ഉപയോഗിച്ച്‌ താഴേക്ക് ഇറങ്ങുകയും രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. മറ്റുള്ളവർ പിന്തുടരാൻ ശ്രമിച്ചെങ്കിലും പിടി നഷ്ടപ്പെട്ട് വീഴുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. 42-ാം നിലയിലാണ് തീപിടുത്തം ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. തീപിടുത്തത്തിന്റെ കാരണം പരിശോധിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എല്ലാ റെസിഡൻഷ്യല്‍ കെട്ടിടങ്ങളിലും ഫയർ അലാറം സംവിധാനങ്ങള്‍ നിലനിർത്താനും പതിവായി സുരക്ഷാ പരിശോധനകള്‍ നടത്താനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!