ഫലസ്തീൻ ചിത്രകാരി ദിന സൗറുബ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

ഗസ്സ: ഫലസ്തീൻ ചിത്രകാരി ദിന ഖാലിദ് സൗറുബ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. തെക്കൻ ഗസ്സയിലെ ഖാൻ യൂനുസില്‍ ദിനയും കുടുംബവും താമസിക്കുന്ന ടെന്റിന് നേരെയായിരുന്നു വ്യോമാക്രമണം.
ഫലസ്തീൻ സാംസ്‌കാരിക മന്ത്രാലയവും ദിനയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രതിഭാധനയായ ഒരു യുവതിയുടെ ജീവതം ചെറുപ്പത്തില്‍ തന്നെ യുദ്ധംകൊണ്ട് മുറിച്ചുമാറ്റപ്പെട്ടെന്ന് മന്ത്രാലയം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
ഫലസ്തീൻ ജനതയുടെ പോരാട്ടത്തെ ചിത്രങ്ങളിലൂടെ ലോകത്തിന് മുന്നിലെത്തിച്ച ദിനക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2015ല്‍ കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ചിത്രത്തിന് അല്‍ മീസാൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് അവാർഡ് ലഭിച്ചിരുന്നു. ഫലസ്തീൻ വിദ്യാഭ്യാസ വകുപ്പും യുഎൻആർഡബ്ലിയുഎയും ദിനയെ ആദരിച്ചിരുന്നു.

