കോവിഡ് ബാധിച്ച് മരണം: ആരോഗ്യ വകുപ്പിൽ അറിയിക്കാതെ സംസ്കരിച്ചതിന് കേസ്

മാങ്ങാട്ടിടം ∙ കണ്ടേരിയിൽ കോവിഡ് പോസിറ്റീവായി മരിച്ച വയോധികയുടെ മൃതദേഹം വീട്ടുകാർ ആരോഗ്യ പ്രവർത്തകർ, പൊലീസ്, പഞ്ചായത്ത് അധികൃതർ എന്നിവരെ അറിയിക്കാതെ സംസ്കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. വാർധക്യ സഹജമായ രോഗം കാരണം കഴിഞ്ഞ ദിവസം കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
പോക്കറ്റ് റോഡ് 4 വട്ടം അടച്ചു, 4 വട്ടവും പൊളിച്ചു; ഒടുവിൽ കരിങ്കല്ല് നിരത്തി പൊലീസ്
ആശുപത്രി അധികൃതർ രോഗിയെ അഡ്മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ കൂടെ ഉളളവർ വിസമ്മതിക്കുകയും വയോധികയുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇവർ കഴിഞ്ഞ ദിവസം മരിച്ചു. മരണ ശേഷവും കോവിഡ് ബാധിച്ചാണ് മരിച്ചത് എന്ന വിവരം ആരെയും അറിയിക്കാതെ ചടങ്ങുകൾ നടത്തി സംസ്കരിക്കുകയും ചെയ്തു. ചടങ്ങുകൾ കഴിഞ്ഞതിനു ശേഷമാണ് ജില്ലാ സെന്റർ വഴി ആരോഗ്യ വകുപ്പിന് കോവിഡ് പോസിറ്റീവായ വിവരങ്ങൾ ലഭിക്കുന്നത്.
തുടർന്ന് ആരോഗ്യ പ്രവർത്തകർ വീട്ടിൽ എത്തുന്നതിന് മുന്നേ സംസ്കാര ചടങ്ങ് ഉൾപ്പെടെ കഴിഞ്ഞിരുന്നു. ഇതോടെ അധികൃതർ വയോധിക കോവിഡ് പോസിറ്റീവായി മരിച്ചതാണു എന്ന വിവരം കൂത്തുപറമ്പ് പൊലീസിൽ അറിയിക്കുകയായിരുന്നു. ചടങ്ങിൽ പങ്കെടുത്തവരെ അധികൃതർ കോവിഡ് നിരീക്ഷണത്തിലാക്കി.

