KSDLIVENEWS

Real news for everyone

കണ്ണൂരിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാൽനട ജാഥയിൽ സംഘർഷം: ഏറ്റുമുട്ടി കോൺഗ്രസ്- ഡി.വൈ.എഫ്.ഐ പ്രവർത്തകർ

SHARE THIS ON

കണ്ണൂര്‍: മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നേതൃത്വത്തിൽ നടത്തിയ കാൽനട യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. സിപിഎം മലപ്പട്ടം ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നിലാണ് ബുധനാഴ്ച വൈകുന്നേരത്തോടെ സംഘര്‍ഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ കുപ്പിയും കല്ലും പരസ്പരം എറിഞ്ഞു.

കഴിഞ്ഞ ദിവസം അടുവാപ്പുറത്ത് കോണ്‍ഗ്രസിന്റെ ഗാന്ധി സ്തൂപം തകര്‍ത്തതും പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ചെയ്തതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുക്കുന്നത്. ഇതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. ആ മാര്‍ച്ച് സിപിഎം പ്രവര്‍ത്തകര്‍ തടയുകയും അത് സംഘര്‍ഷത്തിലേക്ക് പോകുകയും ചെയ്തിരുന്നു.

ഇതിന്‍റെ തുടർച്ചയായാണ് ബുധനാഴ്ച രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് മാര്‍ച്ച് നടത്തിയത്. ഈ മാര്‍ച്ച് അടുവാപ്പുറത്തുനിന്ന് മലപ്പട്ടം ടൗണിലെത്തിയപ്പോഴാണ് ഇരു വിഭാഗങ്ങളും തമ്മില്‍ സംഘർഷമുണ്ടായത്. കല്ലും കുപ്പിയുമെല്ലാം പ്രവര്‍ത്തകര്‍ പരസ്പരം വലിച്ചെറിഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ട്.

കാൽനട ജാഥ മലപ്പട്ടത്ത് എത്തിയപ്പോൾ സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍, ഇത് സിപിഎം നിഷേധിച്ചിട്ടുണ്ട്. സിപിഎം ഗ്രാമമായ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നതിനാല്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. പോലീസ് ഇടപെട്ട് ഇരു വിഭാഗത്തെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷം തുടരുകയായിരുന്നു. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!