രണ്ട് തുറമുഖം, റോഡ്-റെയില്‍ ഗതാഗതവും എളുപ്പം; ഇന്ത്യയില്‍ പ്ലാന്റിന് സ്ഥലം തീരുമാനിച്ച് ടെസ്‌ല

അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് പ്രഖ്യാപിക്കപ്പെട്ടിട്ട് വര്‍ഷങ്ങളേറെയായി. സാങ്കേതികവും നിയമപരവുമായ പല കാരണങ്ങള്‍ കൊണ്ട് നീണ്ടുപോയ ഈ വരവ് ഇനിയേറെ വൈകില്ലെന്നാണ് സൂചനകള്‍. മുംബൈ, ഡല്‍ഹി എന്നീ പ്രധാന നഗരങ്ങളില്‍ ഓഫീസ് കണ്ടെത്തിയതും ജീവനക്കാരെ നിയമിക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ ടെസ്‌ലയുടെ ഇന്ത്യ പ്രവേശനം സംബന്ധിച്ച് പ്രതീക്ഷകള്‍ നല്‍കുന്നതാണ്.
ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ വാഹന നിര്‍മാണത്തിനുള്ള പ്ലാന്റ് ഒരുക്കുന്നതിനുള്ള സ്ഥലം ടെസ്‌ല തീരുമാനിച്ചതായാണ് വിവരം. മഹാരാഷ്ട്രയിലെ സത്താറ എന്ന പ്രദേശത്ത് പ്ലാന്റ് നിര്‍മിക്കാനാണ് ടെസ്‌ലയുടെ നീക്കം. ആദ്യഘട്ടത്തില്‍ വിദേശത്തുനിന്ന് പാര്‍ട്‌സുകള്‍ എത്തിച്ച ശേഷം ഇന്ത്യയില്‍ വാഹനം അസംബിള്‍ ചെയ്യാനാണ് ടെസ്‌ല ലക്ഷ്യമിട്ടിരിക്കുന്നത്. പിന്നീട് ആയിരിക്കും പൂര്‍ണമായും ടെസ്‌ല ഇന്ത്യയില്‍ വാഹനങ്ങള്‍ നിര്‍മിച്ച് തുടങ്ങുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്ലാന്റ് നിര്‍മിക്കുന്നതിനായി പൂനെ-ബെംഗളൂരു ഹൈവേ കടന്നുപോകുന്ന മേഖലയില്‍ 100 ഏക്കര്‍ സ്ഥലമാണ് ടെസ്‌ലയ്ക്ക് ആവശ്യമായി വരുന്നത്. ഈ മേഖലയില്‍ പ്ലാന്റ് നിര്‍മിക്കാന്‍ ടെസ്‌ല ശ്രമിക്കുന്നതിന് പിന്നില്‍ സുപ്രധാനമായി ചില കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. മുംബൈ, ഗോവ എന്നിവിടങ്ങളിലെ തുറമുഖത്തേക്ക് എത്താനുള്ള സൗകര്യം, മെച്ചപ്പെട്ട റെയില്‍വേ ഗതാഗത സൗകര്യം, മികച്ച റോഡ് ഗതാഗതം തുടങ്ങിയവ സത്താറയുടെ പ്രത്യേകതയായി ടെസ്‌ല പരിഗണിക്കുന്നുണ്ട്.
എന്നാല്‍, ടെസ്‌ലയുടെ വാഹനങ്ങള്‍ എപ്പോള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം നിര്‍മാതാക്കള്‍ നല്‍കുന്നില്ല. ഉചിതമായ സമയംനോക്കി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്നാണ് ടെസ്‌ല സിഎഫ്ഒ വൈഭവ് തനേജ പറഞ്ഞത്. ഇന്ത്യയുടെ ഉയര്‍ന്ന ഇറക്കുമതിത്തീരുവയാണ് വിപണിപ്രവേശത്തിനു തടസ്സമായി നില്‍ക്കുന്നതെന്നും 100 ശതമാനം തീരുവ ഉപഭോക്താക്കളെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
വിപണി പ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിന് സമാന്തരമായി ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്‌ലയുടെ മോഡല്‍ വൈ എന്ന ഇലക്ട്രിക് എസ്‌യുവി പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മോഡല്‍ വൈ, മോഡല്‍ 3 തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങള്‍ ടെസ്‌ല ഇന്ത്യന്‍ നിരത്തുകള്‍ക്കായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകള്‍. എന്നാല്‍, ഇത് സംബന്ധിച്ച കൃത്യമായ വെളിപ്പെടുത്തല്‍ ടെസ്‌ല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.