മുഹമ്മദ് ബിൻ സൽമാൻ പറയുന്നതെല്ലാം കേൾക്കുമെന്ന് ട്രംപ്; വിനയാന്വിതനായി പുഞ്ചിരിച്ച് രാജകുമാരൻ, കയ്യടിച്ച് സദസ്സ്; നിർണായകമായ ട്രംപിന്റെ സൗദി സന്ദർശനത്തിന്റെ വിശദാംശങ്ങൾ അറിയാം

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ സൗദി-യുഎസ് ഇൻവെസ്റ്റ്മെന്റ് ഫോറം വേദി. വേദിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സദസ്സിന്റെ മുൻനിരയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഇലോൺ മസ്ക് തുടങ്ങിയ ലോകത്തിലെ മുൻനിര ബിസിനസ് പ്രമുഖർ വേറെയും. പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള ഡോണൾഡ് ട്രംപിന്റെ ആദ്യത്തെ വിദേശ സന്ദർശനമാണ് സൗദിയിലേക്ക്. സൗദിയിൽ കാലു കുത്തിയത് മുതൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഡോണൾഡ് ട്രംപിനൊപ്പമുണ്ടായിരുന്നു.
റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ നേരിട്ടെത്തി ട്രംപിനെ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. പിന്നാലെ വിമാനത്താവളത്തിലെ വിഐപി ലോഞ്ചിലിരുന്നു ഇരുവരും സൗദി കോഫി രുചിച്ചു. വൈകിട്ടായിരുന്നു സൗദി-യുഎസ് ബിസിനസ് ഫോറം.
മുഹമ്മദ് ബിൻ സൽമാൻ പറയുന്നതെല്ലാം ഞാൻ കേൾക്കുമെന്ന് പറഞ്ഞായിരുന്നു ട്രംപിന്റെ പ്രസംഗം. ലോകത്ത് എമ്പാടും അമേരിക്കക്ക് നിരവധി സഖ്യകക്ഷി രാജ്യങ്ങളുണ്ട്. എന്നാൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനേക്കാൾ ശക്തരായ ആരുമില്ല. ഞാൻ ഇപ്പോൾ ചെയ്യുന്നതെല്ലാം മുഹമ്മദ് ബിൻ സൽമാന് വേണ്ടിയാണ്. എന്നോട് സിറിയക്ക് നേരെയുള്ള അമേരിക്കയുടെ ഉപരോധം പിൻവലിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചർച്ച ചെയ്യാൻ അമേരിക്കന്‍ വിദേശ മന്ത്രി സിറിയന്‍ വിദേശ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വേദിയുടെ മുന്നിലിരുന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കൂടുതൽ വിനയാന്വിതനാകുകയും കയ്യടിക്കുകയും ചെയ്തു. സദസ്സ് ഒന്നടങ്കം കയ്യടിച്ചാണ് ട്രംപിന്റെ പ്രസംഗത്തിനൊപ്പം നിന്നത്.
ട്രംപ് പ്രസംഗം തുടർന്നു. സൗദി അറേബ്യയെ സഹായിക്കാൻ വേണ്ടി സൈനിക ശക്തി ഉപയോഗിക്കാന്‍ ഞാന്‍ മടിക്കില്ല. കഠിനാദ്ധ്വാനമാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മുഖമുദ്ര. അദ്ദേഹം ഉറങ്ങുന്നുണ്ടോ എന്ന കാര്യം പോലും സംശയമാണ്. മധ്യ പൂർവേഷ്യയുടെ ഭാവി ഇവിടം മുതൽ ആരംഭിക്കുകയാണ്. ലോകകപ്പിനും മറ്റ് ടൂര്‍ണമെന്റുകള്‍ക്കും സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്നത് അത്ഭുതകരമാണ്. മുഴുവന്‍ ലോകത്തിന്റെയും ബിസിനസ് കേന്ദ്രമായി റിയാദ് വൈകാതെ മാറും. എണ്ണയിൽനിന്നല്ല ഇപ്പോൾ സൗദിക്ക് കൂടുതൽ വരുമാനം എന്ന് നമ്മളോർക്കണം. ഈ രാജ്യം ഇങ്ങനെ വളരാനുള്ള കാരണം ഇവിടുത്തെ ജനങ്ങളുടെ സഹായവും സഹകരണവും കൊണ്ടാണ്. മിനിറ്റുകളോളം നീണ്ടുനിന്ന കരഘോഷത്തിനിടെ ട്രംപ് പറഞ്ഞു.
∙ അമേരിക്കയുമായി സൗദി 30,000 കോടി ഡോളറിന്റെ കരാർ ഒപ്പിട്ടു
അമേരിക്കയുമായി സൗദി അറേബ്യ 30,000 ലേറെ കോടി ഡോളറിന്റെ കരാറുകള്‍ ഒപ്പുവച്ചതായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വെളിപ്പെടുത്തി. ആദ്യദിവസത്തെ കണക്കു മാത്രമാണിത്. പുതിയ കരാർ ഒപ്പുവച്ചതോടെ അമേരിക്കയുമായുള്ള സൗദി അറേബ്യയുടെ കരാറുകള്‍ ഒരു ട്രില്യൻ ഡോളറിലെത്തും.
∙ പ്രത്യേക നിക്ഷേപ ഫണ്ടുകൾ
∙ 500 കോടി ഡോളറിന്റെ ഊര്‍ജ നിക്ഷേപ ഫണ്ട്.
∙ 500 കോടി ഡോളറിന്റെ ന്യൂ എറ സ്പേസ് ആന്റ് ഡിഫന്‍സ് ടെക്നോളജി ഫണ്ട്.
∙ 400 കോടി ഡോളറിന്റെ എന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഗ്ലോബല്‍ സ്പോര്‍ട്സ് ഫണ്ട്.
ഇതിന് പുറമെ സൗദി അറേബ്യ അമേരിക്കയില്‍ 60,000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. അമേരിക്കയും സൗദി അറേബ്യയും 14,200 കോടി ഡോളറിന്റെ പ്രതിരോധ കരാറുകളില്‍ ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ വില്‍പന കരാറാണ് ഇത്. പന്ത്രണ്ടിലേറെ അമേരിക്കന്‍ സൈനിക കമ്പനികള്‍ സൗദി അറേബ്യക്ക് ഏറ്റവും പുതിയ ആയുധങ്ങള്‍ നല്‍കും.