കാസർകോട്, വിദ്യാനഗർ, സീതാംഗോളി റൂട്ടിൽ ബസുകളില്ല; യാത്രക്കാർ ദുരിതത്തിൽ

സീതാംഗോളി ∙ കാസർകോട്, വിദ്യാനഗർ, സീതാംഗോളി റൂട്ടിൽ ബസുകൾ കുറവായതോടെ ഇത് വഴിയുള്ള വിദ്യർഥികളും മറ്റു യാത്രക്കാരും ദുരിതത്തിൽ. മുൻപ് 22 ബസുകളുണ്ടായിരുന്ന ഈ റൂട്ടിൽ ഇപ്പോൾ 12 ബസുകളാണുള്ളതെന്നു യാത്രക്കാർ പറയുന്നു. ഈ റൂട്ടിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾ സ്കൂൾ വിട്ടാലും വീട്ടിലെത്താനാവുന്നില്ല. സന്ധ്യകഴിഞ്ഞു വീട്ടിലെത്തുന്ന വിദ്യാർഥികളുമുണ്ട്. ബസ് കുറഞ്ഞതോടെ നിലവിലുള്ള ബസുകളിൽ യാത്രക്കാർ കൂടി. സ്കൂൾ സമയത്ത് വിദ്യാർഥികളുടെ തള്ളിക്കയറ്റം മൂലം മറ്റു യാത്രക്കാർക്കും യാത്രചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. സമയത്ത് ബസില്ലാത്തതിനാലും വരുന്ന ബസുകളിൽ യാത്രക്കാർ കൂടിയതും അടുത്ത ബസിനെ കാത്തിരിക്കേണ്ടി വരുന്നു.ഇത് സമയ നഷ്ടത്തിനിടയാക്കുന്നു. വിദ്യാർഥികളുടെ കളിക്കാനും പഠിക്കാനുമുള്ള സമയം ബസ് യാത്രക്കിടിയിൽ നഷടമാവുന്നു. പലരും വീട്ടിലെത്തുന്നത് സന്ധ്യകഴിഞ്ഞാണ്.മുൻപ് 10 മിനിറ്റ് ഇടവിട്ട് ബസുണ്ടായിരുന്ന ഈ റൂട്ടിൽ ഇപ്പോൾ 30 മിനിറ്റ് ഇടവിട്ടാണ് ബസുള്ളത്. കാസർകോട്,നായൻമാർമൂല, വിദ്യാനഗർ, ഉളിയത്തടുക്ക, മായിപ്പാടി സ്കൂളുകളിൽ പോകുന്ന വിദ്യാർഥികൾ ഈ ബസുകളെയാണ് ആശ്രയിക്കുന്നത്.

