ഹൃദയം തകര്‍ന്ന് നാട്; കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചു

കൊച്ചി: കുവൈത്ത് തീപ്പിടിത്ത ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ 10.30-ഓടെ കൊച്ചിയിലെത്തിച്ചു. കുവൈത്തില്‍നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ 24 മലയാളികളുടേതടക്കം 45 മൃതദേഹങ്ങളാണ് കൊണ്ടുവന്നത്. 23 മലയാളികള്‍, ഏഴ് തമിഴ്നാട്ടുകാര്‍, ഒരു കര്‍ണാടകസ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് കൊച്ചിയില്‍ ഇറക്കിയത്. തുടർന്ന് വിമാനം ഡല്‍ഹിയിലേക്ക് പോകും. മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി മുംബൈയില്‍ സ്ഥിരതാമസക്കാരനാണ്. അദ്ദേഹത്തിന്റെ മൃതദേഹം മുംബൈയിലാണ് ഇറക്കുക. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരടക്കം അന്തിമോപചാരം അര്‍പ്പിക്കും. കേരളത്തില്‍ എത്തിയാലുടന്‍ മൃതദേഹങ്ങള്‍ പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകും.




