കോവിഡ്19 ഇൻഷുറൻസുമായി യുഎഇയിലേയ്ക്ക് വരരുതേ; വീസ പുതുക്കുമ്പോൾ ഇൻഷുറൻസും പുതുക്കണം

ദുബായ്∙ സന്ദർശക വീസയിൽ യുഎഇയിലേക്ക് വരുന്നവർ രണ്ട് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങൾ എടുത്തിട്ടുള്ള ട്രാവൽ മെഡിക്കൽ ഇൻഷുറൻസ് ഏതു തരത്തിലുള്ളതാണെന്നും വീസ പുതുക്കുമ്പോൾ ഇൻഷുറൻസും പുതുക്കുന്നുണ്ടന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്19 കാലത്തെ പരിരക്ഷ ലഭിക്കുന്ന ഇൻഷുറൻസുമായാണ് ഭൂരിഭാഗം ഇന്ത്യക്കാരും ഇപ്പോഴും യുഎഇയിലെത്തുന്നത്.
ഇനി, ശരിക്കുള്ള ഇൻഷുറൻസാണെങ്കിൽ തന്നെ വീസ പുതുക്കുമ്പോൾ അതും പുതുക്കിയില്ലെങ്കിലും പണി കിട്ടും. ഇത്തരത്തിൽ ആശുപത്രി ബില്ലടക്കാൻ സാധിക്കാതെ ഒട്ടേറെ ഇന്ത്യക്കാർ ദിനംപ്രതി കോൺസുലേറ്റിനെയും എംബസിയെയും സമപീപിക്കുന്നുണ്ടെന്നും ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായും വ്യക്തമാക്കി.
സന്ദര്‍ശക വീസയിലെത്തി രോഗബാധിതരായി യുഎഇയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാർ ഒട്ടേറെയാണ്. ഇവരിൽ മിക്കവരുടേയും ഇൻഷുറൻസ് പരിരക്ഷ കോവിഡ് കാലത്തേതാണ്. ഇതുപയോഗിച്ച് ഇപ്പോൾ ചികിത്സിക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് കോവിഡ്19 പരിരക്ഷയല്ലാത്ത ഇൻഷുറൻസ് എടുക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ പ്രീത ശ്രീറാം മാധവ്
ഏറെ പേർ ഇൻഷുറൻസ് ഇല്ലാതെയും യുഎഇയിലെത്തുന്നുണ്ട്. ഇതും പ്രശ്നങ്ങളാണെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ പ്രീത ശ്രീറാം മാധവ് മനോരമ ഓൺലൈനിനോട് പറഞ്ഞു.
∙ അമ്മ യുഎഇയിൽ അന്തരിച്ചു; ഇൻഷുറൻസ് ആശങ്കയിൽ ദിവസങ്ങള്‍
അമ്മയ്ക്ക് ട്രാവൽ മെഡിക്കൽ ഇൻഷുറൻസുണ്ടോ? ഹൃദ്രോഗത്തെ തുടർന്ന് ഷാർജ കുവൈത്തി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന അമ്മയെ കാണാനെത്തിയവരൊക്കെ ദുബായിൽ കൺസൾട്ടൻസി നടത്തുന്ന തൃശൂർ സ്വദേശി സിന്ധു രാമകൃഷ്ണനെ മാറ്റി നിർത്തി ചോദിച്ചു. രണ്ട് വർഷം മുൻപാണ് സംഭവം. അപ്പോഴാണ് സിന്ധു അതേക്കുറിച്ച് ചിന്തിക്കുന്നത് തന്നെ. സർക്കാർ ആശുപത്രിയിലായതിനാൽ ചികിത്സയ്ക്ക് ചെലവൊന്നും വരില്ലെന്നായിരുന്നു അതുവരെയുള്ള ചിന്ത. എന്നാൽ, ചിലപ്പോൾ തുക അടയ്ക്കേണ്ടിവരുമെന്നും അത് ഭീമമായേക്കാമെന്നും ചിലർ ഓർമപ്പെടുത്തി.
സിന്ധു രാമകൃഷ്ണൻ
തന്‍റെ കൂടെ താമസിക്കാൻ എത്തിയ 75 വയസിലേറെയുണ്ടായിരുന്ന അമ്മയ്ക്ക് സിന്ധു നാല് തവണ സന്ദർശക വീസ പുതുക്കിയിരുന്നു. തുടർന്ന് സിന്ധു ട്രാവൽ ഏജൻസുകളുമായി ബന്ധപ്പെട്ടപ്പോൾ ഇൻഷുറൻസ് ഉണ്ടായിരുന്നുവെന്നും എന്നാലത് കോവിഡ്19 പരിരക്ഷ മാത്രം ലഭിക്കുന്നതാണെന്നും മനസിലായി. മാത്രമല്ല, വീസ പുതുക്കുമ്പോഴൊന്നും ഇൻഷുറൻസ് പുതുക്കിയിരുന്നുമില്ല. എട്ട് ദിവസം കഴിഞ്ഞപ്പോൾ ഐസിയുവിൽ കിടന്ന് തന്നെ അമ്മ മരിച്ചു. എങ്കിലും ഭാഗ്യത്തിന് ആശുപത്രിയിൽ കുറഞ്ഞ തുകയേ അടയ്ക്കേണ്ടി വന്നിരുന്നുള്ളൂവെന്ന് സിന്ധു മനോരമ ഓൺലൈനിനോട് പറഞ്ഞു.
∙ ഇന്ത്യൻ കോൺസുലേറ്റ് നിസ്സഹായർ
സന്ദർശക വീസയിൽ വരുന്നവരിൽ മിക്കവരും ഓൺലൈനായാണ് വിമാന ടിക്കറ്റെടുക്കാറ്. വയോധികരായ മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരുന്ന പ്രവണത അടുത്ത കാലത്തായി വളരെ വർധിച്ചിട്ടുണ്ട്. അവര്‍ക്ക് വിമാന ടിക്കറ്റെടുക്കുമ്പോൾ ഏതു തരം ഇൻഷുറൻസ് ആണെന്നും എന്തൊക്കെ പരിരക്ഷയാണ് ലഭിക്കുകയെന്നും ചിന്തിക്കാറില്ല. മിക്കവര്‍ക്കും ലഭിക്കുക കോവിഡ് കാലത്തെ ഇൻഷുറൻസാണ്. ഓണ്‍ലൈനായി ടിക്കറ്റെടുക്കുമ്പോൾ ഇൻഷുറൻസ് ഓപ്ഷനിൽ കോവിഡ് അല്ലാത്തത് ക്ലിക്ക് ചെയ്യണമെന്ന് അഡ്വ.പ്രീത നിർദേശിക്കുന്നു. കോവിഡ് ഇൻഷുറൻസുമായി യുഎഇയിലെത്തുന്നവർ പിന്നീട് വല്ല ഗുരുതര ആരോഗ്യ പ്രശ്നങ്ങളിൽപ്പെട്ടോ, അപകടത്തിൽപ്പെട്ടോ ആശുപത്രിയിൽ ചികിത്സയിലാകുമ്പോഴാണ് എന്തൊക്കെ പരിരക്ഷയാണ് തങ്ങൾക്ക് ലഭിക്കുക എന്ന് തിരിച്ചറിയുക. പലർക്കും ചികിത്സയ്ക്കായി ഭീമൻ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. കോവിഡ് സംബന്ധമായ അസുഖങ്ങൾക്കേ ഈ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാവുകയുള്ളൂ. അതുകൊണ്ട് കോവിഡ് ഭീഷണി പൂർണമായും അകന്ന സാഹചര്യത്തിൽ, ആ ഇൻഷുറൻസ് ഒരിക്കലും സന്ദർശക വീസക്കാരുടെ ആരോഗ്യ പ്രശ്നത്തിന് സഹായകമാവില്ല.
അടുത്തകാലത്തായി ഇത്തരത്തിൽ ഒരുപാട് കേസുകൾ അബുദാബി ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലുമെത്തുന്നുണ്ട്. മിക്കവർക്കും വൻതുക ആശുപത്രി ചെലവ് വരികയും അത് നൽകാൻ സാധിക്കാതെ വരികയും ചെയ്യുമ്പോഴാണ് ഇന്ത്യൻ അധികൃതരെ ബന്ധപ്പെടുന്നത്. ഇന്ത്യക്കാർക്ക് വേണ്ടി ഒട്ടേറെ സഹായങ്ങൾ എംബസിയും കോൺസുലേറ്റും ചെയ്തുവരുന്നുണ്ടെങ്കിലും ഇത്തരം കേസുകളിൽ വൻ തുക ആശുപത്രി ചെലവ് വഹിക്കാൻ സാധിക്കാതെ വരുന്നു. യഥാർഥ ആരോഗ്യ ഇൻഷുറൻസ് ഉണ്ടെങ്കിൽ ആരും ഇത്തരത്തിൽ പ്രയാസം നേടിടേണ്ടി വരില്ല. കുറച്ചു വർഷങ്ങൾക്ക് മുൻപ് ശരിയായ ഇൻഷുറൻസുമായി സന്ദർശക വീസയിലെത്തി ജോലിയിൽ പ്രവേശിച്ച മലയാളി യുവാവ് ആദ്യദിവസം ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ ഷാർജ നാഷനൽ പെയിന്‍ററ്സിനടുത്ത് വാഹനമിടിച്ച് മരിച്ചു. യുവാവ് കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു. കുടുംബാംഗങ്ങൾക്ക് വൻതുക ഇൻഷുറൻസ് വാങ്ങിക്കൊടുക്കാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് അഡ്വ.പ്രീത പറഞ്ഞു.
∙ ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടാൽ ഇന്‍ഷുറൻസ്
നിങ്ങളുടെ രാജ്യത്തെ ഒരു ട്രാവൽ ഇൻഷുറൻസ് കമ്പനി വഴിയോ ഓണ്‍ലൈൻ ഏജൻസി വഴിയോ നിങ്ങൾക്ക് ദുബായിലേക്കും യുഎഇയിലേക്കും യാത്രാ ആരോഗ്യ ഇൻഷുറൻസ് ലഭിക്കും. യാത്ര ബുക്ക് ചെയ്‌തുകഴിഞ്ഞാൽ നിങ്ങൾക്ക് ആദ്യം ലഭിക്കുന്ന കാര്യങ്ങളിൽ ഒന്നായിരിക്കണം ട്രാവൽ ഇൻഷുറൻസ്. പ്രത്യേകിച്ചും നിങ്ങളുടെ നിക്ഷേപങ്ങൾ റീഫണ്ട് ചെയ്യപ്പെടാത്തതും യുഎഇ പോലുള്ള ഒരു രാജ്യത്തേയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കിലും താമസത്തിനും യാത്രയ്ക്കും മറ്റും പണം കൈയിൽ കരുതണം.
യുഎഇയിലേയ്ക്ക് ട്രാവൽ മെഡിക്കൽ ഇൻഷുറൻസ് എടുക്കുമ്പോൾ മെഡിക്കൽ അത്യാഹിതങ്ങൾ. ആംബുലൻസ്, ഇആർ, ശസ്ത്രക്രിയാ നടപടിക്രമങ്ങൾ, ഡോക്‌ടറുടെ സന്ദർശനം, ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, മരുന്നിന്റെ ചെലവ് എന്നിവ പോലുള്ള അടിയന്തര വൈദ്യ പരിചരണത്തിന് പരിരക്ഷ നൽകുന്ന പോളിസി കണ്ടെത്തുക.
∙ യാത്രാ തടസ്സം
യുഎഇയിലേക്കുള്ള യാത്ര ചെലവേറിയതായതിനാൽ, റീഫണ്ട് ചെയ്യപ്പെടാത്ത റിസർവേഷനുകൾക്കോ നിങ്ങൾ നടത്തിയ നിക്ഷേപങ്ങൾക്കോ കവറേജ് ലഭിക്കണം. യാത്ര റദ്ദാക്കലിലേയ്ക്ക് നയിച്ചേക്കാവുന്ന എന്തെങ്കിലും സംഭവിച്ചാൽ ചെലവുകളുടെ ഒരു ഭാഗമെങ്കിലും വീണ്ടെടുക്കാനാകുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വ്യക്തിഗത വസ്‌തുക്കളുടെ നഷ്‌ടത്തിനുള്ള പരിരക്ഷയും ശ്രദ്ധിക്കണം. അടിയന്തര പലായനം ചെയ്യുന്നതിനോ മൃതദേഹങ്ങൾ സ്വദേശത്തേയ്ക്ക് കൊണ്ടുപോകുന്നതിനോ ഉള്ള കവറേജാണിത്.
∙ ഇൻഷുറൻസ് വിവരങ്ങൾ മനസിലാക്കി ടിക്കറ്റെടുക്കണം
നിലവില്‍ ട്രാവൽ മെഡിക്കൽ ഇൻഷുറൻസിന് 100 മുതൽ 150 ദിർഹം വരെയാണ് ഇൗടാക്കുക. മിക്കപ്പോഴും ട്രാവൽ ഏജൻസി വഴി വിമാന ടിക്കറ്റെടുക്കുമ്പോൾ ആരും അവരോട് മെഡിക്കൽ ഇൻ്ഷുറൻസിൻ്റെ വിവരങ്ങൾ ചോദിച്ച് മനസിലാക്കാറില്ല. അതുമൂലമാണ് പലർക്കും കോവിഡ് പരിരക്ഷയുടെ ഇൻഷുറൻസ് മാത്രം ലഭിക്കുന്നത്. കൂടാതെ, സ്വന്തമായി ഒാൺലൈനിലൂടെ ടിക്കറ്റെടുക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കുന്നില്ല. ഇതിനെതിരെ യാത്രക്കാർക്ക് ഒരു അടിയന്തര ബോധവത്കരണം നടത്തേണ്ടതുണ്ടെന്ന് അഡ്വ.പ്രീത പറയുന്നു. ഫോൺ: +971 52 731 8377

