KSDLIVENEWS

Real news for everyone

താനൊരു പരാജയമാണെന്ന് ആത്മഹത്യാക്കുറിപ്പ്: ആറു ദിവസം മുമ്പ് കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

SHARE THIS ON

ന്യൂഡൽഹി: ആറു ദിവസം മുമ്പ് കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനി സ്‌നേഹ ദേബ്‌നാഥിന്റെ മൃതദേഹം യമുനാ നദിയില്‍ കണ്ടെത്തി. തൃപുര സ്വദേശിയാണ് 19-കാരിയായ സ്‌നേഹ. ഉന്നതപഠനത്തിനായാണ് ഡല്‍ഹിയിലെത്തിയത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. വടക്കന്‍ ഡല്‍ഹിയിലെ ഗീത കോളനി ഫ്‌ളൈഓവര്‍ ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ആറു ദിവസമായി സ്‌നേഹയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു കുടുംബം. ജൂലായ് ഏഴിനാണ് സ്‌നേഹയെ കാണാതാകുന്നത്. അന്ന് രാവിലെ 5.56ന് സുഹൃത്തിനൊപ്പം സരായ് റോഹില്ല റെയില്‍വെ സ്‌റ്റേഷനിലേക്ക് പോവുകയാണെന്ന് കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ട് അറിയിച്ചിരുന്നു. പിന്നീട് സ്‌നേഹയുടെ ഫോണ്‍ സ്വിച്ച് ഓഫായി. സുഹൃത്തിനെ വിളിച്ചപ്പോള്‍ അന്നത്തെ ദിവസം താന്‍ സ്‌നേഹയെ കണ്ടിട്ടേയില്ല എന്നായിരുന്നു മറുപടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്്‌നേഹ റെയില്‍വെ സ്റ്റേഷനിലേക്കല്ല സിഗ്നേച്ചര്‍ പാലത്തിലേക്കാണ് പോയത് എന്ന് വ്യക്തമായി.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ശ്രമിച്ചെങ്കിലും ദൃശ്യങ്ങള്‍ ലഭിച്ചില്ല. രണ്ടു ദിവസത്തിനു ശേഷം ജൂലായ് ഒൻപതിന് ഡല്‍ഹി പോലീസ് എന്‍ഡിആര്‍എഫിന്റെ സഹായത്തോടെ സിഗ്നേച്ചര്‍ പാലത്തിന്റെ പരിസരപ്രദേശങ്ങളില്‍ സ്‌നേഹയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ സ്‌നേഹയുടെ കൈയക്ഷരത്തിലുള്ള ഒരു ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. താന്‍ ഒരു പരാജയമാണെന്നും ഭാരമാണെന്നും തോന്നുന്നുവെന്നും ഇങ്ങനെ ജീവിക്കുന്നത് അസഹനീയമായി തുടങ്ങിയെന്നുമായിരുന്നു കുറിപ്പില്‍. സിഗ്നേച്ചര്‍ പാലത്തില്‍ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു എന്നും കുറിപ്പിലുണ്ട്. ആത്മഹത്യ സ്വന്തം തീരുമാനമാണെന്നും മറ്റാരും ഉത്തരവാദികളല്ലെന്നും സ്‌നേഹ എഴുതിയിരുന്നു.

സിഗ്‌നേച്ചര്‍ പാലത്തില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ മാറി യമുനാ നദിയുടെ ഗീത കോളനിയിലെ ഒരു ഫ്‌ലൈഓവറിനടുത്തുള്ള ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ജൂലൈ ഏഴിന് പുലര്‍ച്ചെ സ്‌നേഹ തന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് ഇമെയിലുകളും സന്ദേശങ്ങളും അയച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മാനസിക സമ്മര്‍ദത്തിലായിരുന്നു സ്‌നേഹ എന്ന് സുഹൃത്തുക്കള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

അതേസമയം സ്‌നേഹയെ കാണാതായ സമയത്ത് സിഗ്‌നേച്ചര്‍ പാലത്തിനോ സമീപപ്രദേശങ്ങളിലോ സിസിടിവി ക്യാമറകളൊന്നും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!