നിമിഷപ്രിയയുടെ വധശിക്ഷ: കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ ചര്‍ച്ച; അവസാന പ്രതീക്ഷ

സനാ: യെമെനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതായി വിവരം. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് യെമനിലെ പ്രസിദ്ധ സൂഫി പണ്ഡിതനായ ഷെയ്ഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഭരണകൂട പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. ഒരു ഷെയ്ഖിന്റെ ഇടപെടല്‍ നടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതയില്‍ അറിയിക്കുകയും ചെയ്തിരുന്നു.
യെമെനില്‍ സ്വാധീനമുള്ള ഒരു ഷെയ്ഖിന്റെ സഹായം ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണിയാണ് സുപ്രീം കോടതിയെ അറിയിച്ചത്.
നോര്‍ത്ത് യെമനിലാണ് ഇപ്പോള്‍ ചര്‍ച്ച നടന്നത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍, യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ദിയാ ദനത്തിന് പകരമായി കുടുംബം മാപ്പ് നല്‍കി വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും മോചനം നല്‍കുകയും വേണമെന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ആവശ്യം കുടുംബത്തിന് മുമ്പാകെ അവതരിപ്പിച്ചതായി അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അനുകൂല തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. രാഷ്ട്രീയമായി താറുമാറായ യെമനില്‍ നിലവില്‍ നോര്‍ത്തിലും സൗത്തിലുമായി രണ്ട് ഭരണ കൂടങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര ബന്ധങ്ങള്‍ രണ്ടിടങ്ങളിലും കാര്യക്ഷമമല്ല. ഔദ്യോഗിക ഇടപെടലുകള്‍ക്ക് പരിമിതികള്‍ ഉണ്ടെന്നിരിക്കെയാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ യെമനിലെ പ്രസിദ്ധ സൂഫി പണ്ഡിതന്‍ ഹബീബ് ഉമര്‍ ബിന്‍ ഹഫീള് മുഖേന അനൗദ്യോഗിക ഇടപെടലുകള്‍ നടത്തുന്നത്. നിമിഷ പ്രിയയുടെ മോചനത്തില്‍ ഏറ്റവും പ്രയോഗികമായ പ്രതീക്ഷയുള്ള ഇടപെടല്‍ ആണിത്. കേന്ദ്ര സര്‍ക്കാരും ഇക്കാര്യങ്ങള്‍ ശരിവെച്ചിരുന്നു.
ലോകത്ത് ഏറ്റവും സ്വാധീനമുള്ള മുസ്ലിം നേതാക്കളിലൊരാളാണ് ഷെയ്ഖ് ഹബീബ് ഉമര്‍. കാന്തപുരവുമായി ആഴത്തിലുള്ള ബന്ധം അദ്ദേഹത്തിനുണ്ട്. ഇതിനിടെ ദിയാധനം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ സൗദിയില്‍ ജയിലിലുള്ള കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി പിരിച്ച പണത്തില്‍ ബാക്കിയുള്ള തുക അബ്ദുറഹീം ട്രസ്റ്റ് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്.