വേണം നമ്മുക്കും സ്വാതന്ത്ര്യം
സിറാജ് ചൗക്കി എഴുതുന്നു….✍️
രാജ്യം എഴുപത്തിമൂന്നാം സ്വാതന്ത്ര്യത്തിന്റെ നിറവിലാണ്.
എന്ത് കൊണ്ടും ഇന്നത്തെ സ്വാതന്ത്ര്യ ദിനത്തിന് പല പ്രത്യേകതകളുമുണ്ട്.
എല്ലാവരുടെയും അമിത സ്വാതന്ത്ര്യത്തിന് കൊറോണ കൂച്ചുവിലങ്ങിട്ടിരിക്കുന്നുവെന്ന് പറയണം.
കൊറോണക്ക് മുമ്പ് രാജ്യത്തെ ഭരണ പക്ഷം ഭൂരിപക്ഷ ഹുങ്ക് പറഞ്ഞ് ആട്ടിയോടിക്കാൻ ശ്രമിച്ചപ്പോൾ രാജ്യം കണ്ടത് മറ്റൊരു രണ്ടാം സ്വാതന്ത്ര്യ സമരമായിരുന്നു.
രാജ്യ തെരുവുകൾക്ക് ഉറക്കമില്ലാത്ത രാവുകളായിരുന്നു. കുട്ടികൾ തൊട്ട് വൃദ്ധർവരെ പൂർവ്വികർ നൽകിയ സ്വാതന്ത്ര്യത്തെ ഹനിക്കാൻ സമ്മതിച്ചില്ല.
പിറന്ന നാട്ടിൽ ചോര ചീന്തി മരിച്ചാലും വേണ്ടില്ല പൗരത്വം നിഷേധിക്കാൻ അനുവദിക്കില്ലെന്ന് ഉച്ചൈസ്തരം വിളിച്ചു പറഞ്ഞു.
മനുഷ്യ മതിലുകൾക്ക് രാജ്യം അടിയറവ് വെക്കേണ്ടി വന്നുവെന്ന് പറയാതെ പറയണം.
പശുവിന്റെ പേരിൽ, വർഗ-വർണ്ണ- ജാതിയുടെ പേരിൽ മനുഷ്യനെ തെരുവിൽ നിർദാക്ഷിണ്യം കൊന്നു തള്ളിയ നാളുകളായിരുന്നു നാം കണ്ടിരുന്നത്.
ശാപ കൊടുങ്കാറ്റാണ് ഇന്നിന്റെ മഹാമാരികളെന്ന് ആരായാലും ഓർക്കുന്നത് നന്ന്.
വിവേചനം കാട്ടി ജാതി-മത- വർഗ തിരിവ് കാട്ടുന്ന കാലത്തോളം സ്വാതന്ത്ര്യം എന്ന വാക്കിന്ന് അർത്ഥമില്ല.
ബ്രിട്ടീഷ് കാരിൽ നിന്ന് നേടിയെടുത്ത സ്വാതന്ത്ര്യം ഫാസിസത്തിന് കാർന്ന് തിന്നാൻ അനുവദിച്ചു കൂടാ.
കൊറോണയിൽ നിന്നും സ്വാതന്ത്ര്യം വേണമെങ്കിൽ കോവിഡ് മാനദണ്ഡവും , നിയമവും പാലിക്കുക.
സമ്പർക്കമെന്ന വൈറസാണ് വില്ലൻ. നമ്മുക്ക് സ്വതന്ത്രമായി ജീവിക്കണമെങ്കിൽ ഈ വില്ലനെ തുരത്തണം.
നമ്മുക്ക് മനസ്സ് കൊണ്ട് കൈകോർക്കാം. നമ്മുടെ സ്വാതന്ത്ര്യത്തിന്ന് വേണ്ടി.