40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും നടിയുമായ സന്ദീപ വിർക്കി പിടിയിൽ

ന്യൂഡൽഹി: 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ യുവതി പിടിയിൽ. ഇൻസ്റ്റഗ്രാമിൽ 1.2 മില്യൻ ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസറും നടിയുമായ സന്ദീപ വിർക്കിയെയാണ് ഇഡി അറസ്റ്റ് ചെയ്തത്. അംഗീകൃത സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന ഹൈബൂകെയർ.കോം എന്ന വെബ്‌സൈറ്റിന്റെ ഉടമയാണ് പിടിയിലായ സന്ദീപ വിർക്ക്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 406 (വിശ്വാസ വഞ്ചന), സെക്ഷൻ 420 (വഞ്ചന) എന്നിവ പ്രകാരം മൊഹാലിയിലാണ് സന്ദീപയ്ക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇഡി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇഡി ഇവരുടെ ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ വസതികളിലും ഓഫിസുകളിലും കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.
ഇവർ വിൽക്കാൻ ശ്രമിച്ച ഉൽപ്പന്നങ്ങൾ നിലവിലില്ലെന്നും വെബ്‌സൈറ്റിൽ ഉപഭോക്തൃ റജിസ്ട്രേഷൻ വിവരങ്ങൾ ഇല്ലെന്നും ഇഡി ചൂണ്ടിക്കാട്ടി. കമ്പനിയുടെ വിവരങ്ങൾ സുതാര്യമല്ലെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഒരു മാർഗമായാണ് വെബ്സൈറ്റ് ഉപയോഗിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ യുവതിയെ വെള്ളിയാഴ്ച വരെ ഇഡി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.