ക്ഷേത്രപൂജാരിമാരെ കൊലപ്പെടുത്തിയ സംഘം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവെച്ചു ; പ്രതികള്‍ അറസ്റ്റില്‍,
പരിക്കേറ്റതിനാല്‍ ആശുപത്രിയിലേക്ക് മാറ്റി

മംഗളൂരു: ക്ഷേത്രപൂജാരിമാരെ കൊലപ്പെടുത്തിയ സംഘം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് വെടിവെച്ചു. വെടിയേറ്റ് വീണ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മാണ്ട്യ ഗുട്ടലു ശ്രീ അര്‍ക്കേശ്വര ക്ഷേത്രത്തിലെ മൂന്ന് പൂജാരിമാരെ കൊന്ന് ഭണ്ഡാരങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികളായ ആന്ധ്രപ്രദേശ് സ്വദേശി വിജയ് (30), കര്‍ണ്ണാടക അറക്കല്‍ ദൊഡ്ഢി മധൂര്‍ സ്വദേശികളായ ഗാന്ധി (28), മഞ്ജു തൊപ്പനഹള്ളി (30) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.
സഡോലാലു ഗേറ്റിനടുത്ത ബസ് ഷല്‍ട്ടറില്‍ മൂന്നുപേരുമുണ്ടെന്ന വിവരമറിഞ്ഞ് പൊലീസ് ഇവിടെയത്തുകയും ആകാശത്തേക്ക് വെടിയുതിര്‍ത്ത് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാനാണ് പ്രതികള്‍ ശ്രമിച്ചത്. തുടര്‍ന്ന് പൊലീസ് അവരുടെ മുട്ടിന് താഴെ നിറയൊഴിക്കുകയായിരുന്നു. പ്രതികളുടെ അക്രമത്തില്‍ പരിക്കറ്റ സബ് ഇന്‍സ്‌പെക്ടറും രണ്ട് പൊലീസുകാരും ചികിത്സയിലാണെന്ന് എസ്.പി അറിയിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ക്ഷേത്രപൂജാരിമാരായ ഗണേശ്(35), പ്രകാശ്(36), ആനന്ദ്(33) എന്നിവരെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ക്ഷേത്രഭണ്ഡാരങ്ങള്‍ കവര്‍ന്നത്.

