KSDLIVENEWS

Real news for everyone

3 ദിവസത്തിനിടെ ജില്ലയിൽ 9 മോഷണങ്ങൾ; വല വിരിച്ച് പൊലീസ്, ജയിലിൽ നിന്നിറങ്ങിയ മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം

SHARE THIS ON



കാസർകോട് ∙ ‌3 ദിവസത്തിനിടെ ജില്ലയിൽ നടന്നത് 9 മോഷണങ്ങൾ‌. മോഷണ സംഘങ്ങൾ വ്യാപകമായി രംഗത്തിറങ്ങിയതോടെ വല വിരിച്ച് പൊലീസും. മോഷ്ടാക്കൾക്കു വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെ, മൊഗ്രാലിലെ മുനീറിന്റെ വീട്ടിൽ ചൊവ്വാഴ്ച വൈകിട്ടു നടന്ന മോഷണം ഏവരെയും ഞെട്ടിപ്പിച്ചു. ഇതാണ് ഒടുവിലത്തെ സംഭവവും. ഓരോ ദിവസവും പുതിയ മോഷണ വാർത്തകൾ കേട്ടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലക്കാർ ഉണരുന്നത്.ഈയാഴ്ച വീടുകളിൽ കയറിയുള്ള 3 കവർച്ച നടന്നു.

മോഷ്ടാക്കളെ ഭയന്നു വീട് പൂട്ടി പോകാൻ പോലും ആളുകൾ മടിക്കുന്ന രീതിയിലാണു കാര്യങ്ങൾ.രാത്രി അടച്ചു പോകുന്ന ഗ്രാമങ്ങളിലെ കടകൾ പോലും സുരക്ഷിതമല്ലെന്നാണ് 2 ദിവസം മുൻപു കാറഡുക്കയിലെ ബേർളത്തും കോളിയടുക്കത്തും നടന്ന മോഷണങ്ങൾ വ്യക്തമാക്കുന്നത്.ഈ പ്രദേശങ്ങളിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തതും പൊലീസിനു തലവേദനയാകുന്നു. മാലമോഷണം ഉൾപ്പെടെയുള്ള കേസുകളിൽ മികവുറ്റ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയ പൊലീസ് ഈ കേസുകളിലും പ്രതികളെ പിടികൂടുമെന്ന ആത്മവിശ്വാസത്തിലാണ്.


പല മോഷണങ്ങൾക്ക് പിന്നിൽ ഒരേ സംഘം!
കാസർകോട് ∙ ബദിയടുക്ക, ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം നടന്ന മോഷണ പരമ്പരയ്ക്കു പിന്നിൽ ഒരേ സംഘമെന്ന നിഗമനത്തിൽ പൊലീസ്. നെല്ലിക്കട്ട-പൈക്ക-മുള്ളേരിയ റോഡിന്റെ അരികിലുള്ള കടകളും ഭണ്ഡാരപ്പെട്ടിയുമാണ് ഒറ്റ ദിവസം കവർച്ച ചെയ്യപ്പെട്ടത്.

ഇരുചക്രവാഹനത്തിലെത്തിയ സംഘമാണു മോഷണം നടത്തിയതെന്നും ഏകദേശം ഉറപ്പായിട്ടുണ്ട്. കവർച്ച നടന്ന സ്ഥലങ്ങളിൽ സിസിടിവി ഇല്ലെങ്കിലും റോഡരികിലെ ചില സിസിടിവി ദൃശ്യങ്ങളിൽ സംശകരമായി ഇരുചക്ര വാഹനങ്ങൾ പോകുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 

ഇതു കേന്ദ്രീകരിച്ചാണു പ്രധാനമായും അന്വേഷണം നടക്കുന്നത്. അടുത്ത കാലത്ത് ജയിലിൽ നിന്നു പുറത്തിറങ്ങിയ മോഷണക്കേസ് പ്രതികളാണ് ഇതിനു പിന്നിലെന്നും സംശയിക്കുന്നു.പൈക്ക, അർളടുക്ക എന്നിവിടങ്ങളിലെ നാലിടത്തും കാറഡുക്കയിലെ ബേർളത്തും കോളിയടുക്കത്തുമാണു ചൊവ്വാഴ്ച രാത്രി കവർച്ചകൾ നടന്നത്. പൈക്ക മണവാട്ടി മഖാമിന്റെ നേർച്ചപ്പെട്ടിയിലുൾപ്പെടെ ആറിടത്ത് ഒറ്റ ദിവസം നടന്ന മോഷണം പൊലീസിനെയും ഞെട്ടിപ്പിച്ചു.

പ്രതികൾ ഇപ്പോഴും പുറത്തുള്ളതിനാൽ കൂടുതൽ മോഷണങ്ങൾക്കു സാധ്യതയുണ്ടെന്ന വിലയിരുത്തലും പൊലീസിനുണ്ട്. സാധാരണ രീതിയിൽ വൻ മോഷണം നടത്തി മുങ്ങുന്നതാണ് ഇത്തരക്കാരുടെ രീതി. എന്നാൽ വലിയ തുകകളോ സ്വർണമോ ലഭിക്കാത്ത സാഹചര്യത്തിൽ മോഷണസംഘം ഇവിടെ തന്നെ തങ്ങാൻ സാധ്യത ഏറെയാണ്. ഇതു കണക്കിലെടുത്തു രാത്രികാല പരിശോധന ശക്തമാക്കാൻ ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കു നിർദേശം നൽകി.

മൊഗ്രാലിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു
മൊഗ്രാൽ ∙ പൂട്ടിയിട്ട വീട്ടിൽ നിന്ന് 2 പവൻ സ്വർണവും 12,000 രൂപയും ഉൾപ്പെടെ 90,000 രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തു. മൊഗ്രാൽ ചളിയങ്കോട് റഹ്മത്ത് നഗർ റസീന മൻസിലിൽ പി.എം.ഹാജിറയുടെ വീട്ടിൽ നിന്നാണു സ്വർണവും പണവും കവർന്നത്.  കഴിഞ്ഞ ദിവസം വീട് പൂട്ടി വീട്ടുകാർ ബന്ധുവീട്ടിൽ പോയ വൈകിട്ട് ആറിനും രാത്രി എട്ടിനും ഇടയിലുള്ള സമയത്താണു കവർച്ച നടന്നത്. 

വീടിന്റെ പിൻഭാഗത്തെ ഗ്രില്ലും അടുക്കള വാതിലും കുത്തിപ്പൊളിച്ച് അകത്തു കടന്നു കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 2 പവന്റെ സ്വർണവളയും 12,000 രൂപയുമാണു കവർന്നത്. കുമ്പള പൊലീസ് കേസെടുത്തു. അടുത്തിടെയായി കുമ്പള പൊലീസ് സ്റ്റേഷനിൽ ഒട്ടേറെ കവർച്ചക്കേസുകൾ നടന്നിട്ടുണ്ട്.

മോഷ്ടാക്കൾ ജാഗ്രത, പൊലീസ് പിറകെയുണ്ട്
ഈ വർഷം ജനുവരി മുതൽ ഇതുവരെ നടന്ന മോഷണങ്ങളിൽ നല്ലൊരു ശതമാനവും പിടികൂടാൻ കഴിഞ്ഞിട്ടുണ്ടെന്നതു പൊലീസിന് ആശ്വാസകരമാണ്. വ്യാപാര സ്ഥാപനങ്ങളിലടക്കം നടന്ന 30 കവർ‌ച്ചക്കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 23 കേസിലും പ്രതികൾ പിടിയിലായി.

4 കേസുകളിലെ പ്രതികൾ മറ്റു കേസുകളിൽപ്പെട്ടു കർണാടക ജയിലിലാണ്. 68 വീടുകളിലെ കവർച്ചക്കേസുകളിൽ 27ഉം 15 മാല പിടിച്ചുപറിക്കേസിൽ 12ഉം കേസുകളിൽ പ്രതികൾ പിടിയിലായി. മറ്റ് മോഷണങ്ങൾ 71 എണ്ണം നടന്നതിൽ 48 എണ്ണവും പ്രതികൾ പിടിയിലായി.

വീട് പൂട്ടിപ്പോകുമ്പോൾ പൊലീസിനെ അറിയിക്കുക
∙ ഒരു ദിവസത്തിലധികം വീടു പൂട്ടിപോകുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയോ പൊലീസിന്റെ ആപ്ലിക്കേഷനായ പൊൽ-ആപ്പിൽ റജിസ്റ്റർ ചെയ്യുകയോ വേണം.
∙ ഇങ്ങനെയെങ്കിൽ രാത്രികാല പരിശോധനയിൽ ഇവിടെ പൊലീസിനു നിരീക്ഷിക്കാനാകും.
∙ വീട് പൂട്ടിപോകുന്നവർ വീട്ടിനുള്ളിൽ സ്വർണമോ പണമോ വിലപിടിപ്പുള്ള വസ്തുക്കളോ സൂക്ഷിക്കാതിരിക്കുക.
∙ സാധ്യമെങ്കിൽ വീടുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുക.
∙ വീട് പൂട്ടി പോകുമ്പോൾ അയൽവാസികളോടു വിവരം പറയുക.
∙ രാത്രി കടകൾ അടച്ചു പോകുമ്പോൾ പണവും കൊണ്ടുപോവുക.
∙ ‌കടകളിൽ സിസിക്യാമറകൾ സ്ഥാപിക്കുമ്പോൾ റോഡിലെ ദൃശ്യങ്ങൾ കൂടി പതിയുന്ന രീതിയിൽ വെക്കുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!