KSDLIVENEWS

Real news for everyone

പതാകകളും ബാനറും പാടില്ല, അധിക്ഷേപം അരുത്, 7 ലക്ഷം പിഴ; IND-PAK മത്സരത്തിൽ കനത്തസുരക്ഷ, മുന്നറിയിപ്പ്

SHARE THIS ON

ദുബായ്: പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റില്‍ ആദ്യമായി നേര്‍ക്കുനേര്‍ വരികയാണ്. ഇരുടീമുകളിലും പുതിയ തലമുറക്കാര്‍ ഏറെയാണ്. രോഹിത് ശര്‍മയും വിരാട് കോലിയുമില്ലാതെയാണ് ഇന്ത്യയുടെ വരവെങ്കില്‍, ബാബര്‍ അസം ഉള്‍പ്പെടെയുള്ളവരുടെ അസാന്നിധ്യത്തിലാണ് പാകിസ്താന്‍ യുഎഇയിലേക്ക് വിമാനംകയറിയത്. യുഎഇക്കെതിരേ അനായാസ വിജയം വരിച്ചാണ് ഇന്ത്യ വരുന്നത്; ഒമാനെതിരേ കൂറ്റന്‍ ജയവുമായി പാകിസ്താനും.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരോടുള്ള അനുശോചനം രേഖപ്പെടുത്താന്‍ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മത്സരത്തിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം സൃഷ്ടിക്കുന്നത് തടയാന്‍ സ്റ്റേഡിയത്തിലും പുറത്തും കനത്ത സുരക്ഷയാണ് ദുബായ് പോലീസ് ഒരുക്കിയിരിക്കുന്നത്. ആരാധകരുടെയോ കളിക്കാരുടെയോ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നവര്‍ക്ക് മൂന്നുമാസംവരെ തടവും 7.2 ലക്ഷം രൂപ പിഴയും നേരിടേണ്ടിവരുമെന്ന് ദുബായ് പോലീസ് ഇതിനകംതന്നെ പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ആരാധകരുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള പ്രകോപനവുമുണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് ദുബായ് പോലീസ്. സ്‌റ്റേഡിയത്തിലേക്ക് പതാകകള്‍, ബാനറുകള്‍, ലേസര്‍ പോയിന്ററുകള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍, പടക്കങ്ങള്‍ തുടങ്ങി കൊണ്ടുവരാന്‍ അനുമതിയില്ലാത്തവയുടെ പട്ടിക പോലീസ് പുറത്തിറക്കിയിട്ടുണ്ട്. അനുമതിയില്ലാതെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുകയോ പടക്കംപോലുള്ള വസ്തുക്കള്‍ കൈവശംവെയ്ക്കുകയോ ചെയ്താല്‍ മൂന്നുമാസംവരെ തടവും 1.2 ലക്ഷം രൂപയില്‍ കുറയാത്തതും 7.2 ലക്ഷം രൂപയില്‍ കവിയാത്തതുമായ പിഴശിക്ഷയും ലഭിക്കും. കാണികള്‍ക്കുനേരെ എന്തെങ്കിലും എറിയുകയോ മോശപ്പെട്ടതോ വംശീയമോ ആയ ഭാഷ പ്രയോഗിക്കുകയോ ചെയ്താല്‍ 2.4 ലക്ഷം മുതല്‍ 7.2 ലക്ഷം വരെ പിഴയും ലഭിക്കും.

ഇതാദ്യമായല്ല ഒരു പ്രധാനപ്പെട്ട ഭീകരാക്രമണത്തിനോ അതിനു മറുപടിയായുള്ള സൈനിക നടപടിക്കോ ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്നത്. 2019-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലും ഇതുപോലെ ഇന്ത്യ-പാക് മത്സരം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമുണ്ടായിരുന്നു. പുല്‍വാമ ഭീകരാക്രമണം കഴിഞ്ഞ് നാലുമാസത്തിനുശേഷമായിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!