പുതിയ ഐഫോൺ 17 പരമ്പര യുഎഇ വിപണിയിൽ ഉടൻ: പഴയ ഫോൺ നൽകി 84,000 രൂപ വരെ ലാഭിക്കാം; രാജ്യത്തെ വിലനിലവാരം അറിയാം

ദുബായ്: ദൃശ്യഭംഗിയും അതിവേഗ പ്രവർത്തനശേഷിയുമുള്ള പുതിയ ഐഫോൺ 17 പരമ്പര യുഎഇ വിപണിയിലെത്തുന്നു. ഈ മാസം 19 മുതൽ കടകളിൽ നേരിട്ട് വിൽപന ആരംഭിക്കും.
പുതിയ ഫോൺ വാങ്ങാൻ ഉപയോക്താക്കൾക്ക് തങ്ങളുടെ പഴയ ഫോണുകൾ മാറ്റിനൽകി 3,500 ദിർഹം(ഏകദേശം 84,131 രൂപ) വരെ ലാഭിക്കാൻ കഴിയും. ഏറ്റവും പുതിയ മോഡലുകളായ ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ പ്രോ, ഐഫോൺ പ്രോ മാക്സ് എന്നിവയാണ് യുഎഇയിൽ എത്തുന്നത്. ഇവയുടെ മുൻകൂർ ബുക്കിങ് കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ചു.
∙ പുതിയ മോഡലുകളുടെ വിലനിലവാരം
1. ഐഫോൺ 17: 3,399 ദിർഹം
2. ഐഫോൺ എയർ: 4,299 ദിർഹം
3. ഐഫോൺ പ്രോ: 4,699 ദിർഹം
4. ഐഫോൺ പ്രോ മാക്സ്: 5,099 ദിർഹം
പഴയ ഫോൺ നൽകിയാൽ പുതിയ ഫോണിന്റെ വിലയിൽ ആകർഷകമായ കിഴിവ് ലഭിക്കുന്ന ട്രേഡ്-ഇൻ ഓഫറുകൾ പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
എറോസ്: പഴയ ഐഫോണിന്റെ മൂല്യത്തിന്റെ 75% വരെ തിരികെ ലഭിക്കുന്ന ഉറപ്പുള്ള ബൈബാക്ക് ഓഫർ എറോസ് നൽകുന്നു. കൂടാതെ, ട്രേഡ്-ഇൻ പ്രമോഷനിലൂടെ 3,500 ദിർഹം വരെ ലാഭിക്കാം.
ജംബോ ഇലക്ട്രോണിക്സ്: പഴയ ഫോണിന് 68% വരെ ഉറപ്പുള്ള ബൈബാക്ക്, ട്രേഡ്-ഇൻ ഓഫറിലൂടെ 3,500 ദിർഹം വരെ കിഴിവ്, പലിശയില്ലാത്ത 18 മുതൽ 24 മാസം വരെയുള്ള തവണകളായി അടയ്ക്കാനുള്ള സൗകര്യം എന്നിവ ജംബോ ഇലക്ട്രോണിക്സ് വാഗ്ദാനം ചെയ്യുന്നു.
ഷറഫ് ഡി.ജി.: ഷറഫ് ഡി.ജിയും ആകർഷകമായ ബൈബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് തങ്ങളുടെ ഐഫോണിന്റെ മൂല്യത്തിന്റെ 75% വരെ മൂന്ന് വർഷത്തേക്ക് സുരക്ഷിതമാക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു.
പുതിയ ക്യാമറ സംവിധാനവും രൂപകൽപനയുമാണ് ഉപയോക്താക്കളെ പ്രധാനമായും ആകർഷിക്കുന്നതെന്ന് റീട്ടെയിലർമാർ പറയുന്നു. ഏറ്റവും കനംകുറഞ്ഞ ഐഫോൺ എന്ന വിശേഷണവും പുതിയ മോഡലുകൾക്കുണ്ട്. കോസ്മിക് ഓറഞ്ച് പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് വലിയ ആകാംക്ഷയോടെയാണ് ഉപയോക്താക്കൾ കാത്തിരിക്കുന്നതെന്നും സ്റ്റൈലും ഭംഗിയുമുള്ള ഐഫോൺ എയറിന് ഉയർന്ന ഡിമാൻഡ് ഉണ്ടാകുമെന്നും റീട്ടെയിലർമാർ പ്രതീക്ഷിക്കുന്നു.