KSDLIVENEWS

Real news for everyone

കോവിഡ് മരണം: ബി.പി.എല്‍
കുടുംബങ്ങള്‍ക്ക് മാസം 5,000 രൂപ;
ധനസഹായം മൂന്ന് വർഷത്തേക്ക്

SHARE THIS ON

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിക്കുന്ന വ്യക്തികളുടെ കുടുംബത്തിന് നിലവിലുള്ള ധനസഹായങ്ങൾക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രതിമാസം 5000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ആയി ആദ്യം സമാശ്വാസം ലഭിക്കുന്ന മാസം മുതൽ മൂന്നു വർഷത്തേയ്ക്കാണ് സഹായം നൽകുക. ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വഹിക്കാനും തീരുമാനിച്ചു.

മരിച്ച വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി.പി.എൽ. കുടുംബങ്ങൾക്കാണ് ഇത് ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു പെൻഷനുകൾ ആശ്രിതർക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ല. വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കിൽ ആനുകൂല്യം നൽകും. ബി.പി.എൽ. വിഭാഗത്തിൽ ഉൾപ്പെടുത്താൻ നിശ്ചയിക്കുമ്പോൾ
മരിച്ച വ്യക്തിയുടെ വരുമാനം ഒഴിവാക്കും.


ഒറ്റ പേജിൽ ലളിതമായ ഫോറത്തിൽ അപേക്ഷ സമർപ്പിക്കാൻ ആശ്രിതർക്കു കഴിയണം. ഇതിനാവശ്യമായ തുടർ നടപടികൾക്ക് ബന്ധപ്പെട്ട ജില്ലാ കളക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും. അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നൽകണം. ആശ്രിത കുടുംബത്തിൽ സർക്കാർ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസർ ഉറപ്പുവരുത്തണം. അപേക്ഷ തീർപ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുതെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!