KSDLIVENEWS

Real news for everyone

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ്: നടി നോറ ഇഡിക്ക് മുന്നില്‍, ജാക്വലിനെ വീണ്ടും ചോദ്യംചെയ്യും

SHARE THIS ON

ന്യൂഡൽഹി: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നടി നോറ ഫത്തേഹി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇ.ഡി) മുന്നിൽ ഹാജരായി. വ്യാഴാഴ്ച രാവിലെയാണ് നടി ഡൽഹിയിലെ ഇ.ഡി. ഓഫീസിൽ ചോദ്യംചെയ്യലിനായി എത്തിയത്. കേസിൽ നേരത്തെ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖർ, ലീന മരിയ പോൾ എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് നോറയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

അതിനിടെ, സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടി ജാക്വലിൻ ഫെർണാണ്ടസിനെയും ഇ.ഡി. ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇവർ വെള്ളിയാഴ്ച ഇ.ഡി. ഓഫീസിൽ ഹാജരാകുമെന്നാണ് റിപ്പോർട്ട്. ഒന്നരമാസം മുമ്പും ജാക്വലിനെ ഇ.ഡി. സംഘം ചോദ്യംചെയ്തിരുന്നു.


ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടറായ ശിവേന്ദർ സിങ്ങിന്റെ കുടുംബത്തിൽനിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖറും നടി ലീന മരിയ പോളും ഡൽഹി പോലീസിന്റെ പിടിയിലായത്. ശിവേന്ദറിന്റെ ഭാര്യ അദിതി സിങ് നൽകിയ പരാതിയിലായിരുന്നു പോലീസിന്റെ നടപടി.

ജയിലിലായിരുന്ന ശിവേന്ദർ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖർ പണം തട്ടുകയായിരുന്നു. നിയമകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാൾ അദിതി സിങ്ങിനെ ബന്ധപ്പെട്ടിരുന്നത്. ബി.ജെ.പി.യുടെ പാർട്ടി ഫണ്ടിലേക്കാണെന്നും മറ്റും പറഞ്ഞ് 200 കോടി രൂപയാണ് തട്ടിയെടുത്തത്.


ഡൽഹി രോഹിണി ജയിലിൽ തടവിൽ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ തട്ടിപ്പുകളെല്ലാം നടത്തിയത്. സംഭവത്തിൽ പരാതി ഉയർന്നതോടെ സുകേഷിനെ ഈ കേസിലും അറസ്റ്റ് ചെയ്തിരുന്നു. ലീന മരിയ പോളിനെയും പിന്നീട് അറസ്റ്റ് ചെയ്തു. കേസിൽ സുകേഷിന്റെ റിമാൻഡ് കാലാവധി കഴിഞ്ഞദിവസം 11 ദിവസത്തേക്ക് നീട്ടിയിരുന്നു. ലീനയുടെ റിമാൻഡ് കാലാവധി 16 ദിവസത്തേക്കും നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!