KSDLIVENEWS

Real news for everyone

ഒപെക് തീരുമാനം: സൗദി അറേബ്യയെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള നീക്കത്തിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍

SHARE THIS ON

ദുബൈ: എണ്ണ ഉല്‍പാദനം വെട്ടിച്ചുരുക്കാനുള്ള ഒപെക് തീരുമാനത്തിന്റെ പേരില്‍ സൗദി അറേബ്യയെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള നീക്കത്തിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍. പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ കൂട്ടായെടുത്ത തീരുമാനമാണിതെന്നും സൗദി അറേബ്യക്കൊപ്പം പൂര്‍ണമായും നിലയുറപ്പിക്കുമെന്നും ആറ് ജി.സി.സി രാജ്യങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അമേരിക്കയെ പേരെടുത്തു പറയാതെയാണ് ഗള്‍ഫ് രാജ്യങ്ങളുടെ വിമര്‍ശനം.

നവംബര്‍ മുതല്‍ എണ്ണ ഉല്‍പാദനത്തില്‍ രണ്ട് ദശലക്ഷം ബാരല്‍ വെട്ടിക്കുറക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഒപെക്- ഒപെക് ഇതര രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പേരില്‍ സൗദി അറേബ്യയുമായുള്ള ആയുധ ഇടപാടുകള്‍ പുന:പരിശോധിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ആലോചിക്കുമെന്ന് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യയെ കുറ്റപ്പെടുത്തുന്നതിലൂടെ വസ്തുതകള്‍ വളച്ചൊടിക്കുകയാണ് ചിലരെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ് അല്‍ ഹജ്‌റഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രഖ്യാപിത സന്തുലിത നിലപാടില്‍ നിന്ന് വ്യതിചലിക്കാത്ത രാജ്യമാണ് സൗദി അറേബ്യയെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. റഷ്യക്കൊപ്പം ചേര്‍ന്ന് എണ്ണവിപണിയെ ആയുധമാക്കി മാറ്റാന്‍ സൗദി അറേബ്യ നീക്കം നടത്തുകയാണെന്ന ആരോപണവും അമേരിക്കന്‍ നേതൃത്വം നടത്തിയിരുന്നു. എന്നാല്‍ ഉല്‍പാദക രാജ്യങ്ങള്‍ സമവായത്തിലൂടെ എത്തിച്ചേര്‍ന്ന തീരുമാനം മാത്രമാണിതെന്നും ജി.സിസി സെക്രട്ടറി ജനറല്‍ വിശദീകരിച്ചു. എല്ലാ രാജ്യങ്ങളോടും ആദരവ് പുലര്‍ത്തുന്ന രാജ്യമാണ് സൗദിയെന്നും യു.എന്‍ ചാര്‍ട്ടര്‍ മുറുകെ പിടിച്ചാണ് അതിന്റെ പ്രയാണമെന്നും ജിസിസി നേതൃത്വം വിമര്‍ശകരെ ഓര്‍മിപ്പിച്ചു. എണ്ണവിലയും വിപണിയുടെ സന്തുലിതത്വവും മുന്‍നിര്‍ത്തി യാര്‍ഥാര്‍ഥ്യബോധത്തോടെയുള്ള നയസമീപനങ്ങളാണ് എന്നും സൗദി അറേബ്യ ഉയര്‍ത്തി പിടിക്കുന്നതെന്നും പ്രസ്താവനയില്‍ ജി.സി.സി നേതൃത്വം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!