സുരക്ഷിതയിടം ഒന്നുമില്ലാതെ ഗസ്സ

ഗസ്സ സിറ്റി: ”ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു, പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭിക്കുന്നില്ല. പൊള്ളലേറ്റ കുഞ്ഞുങ്ങള്‍ക്ക് വേദനസംഹാരികളില്ല. തീര്‍ത്തും അടിയന്തരഘട്ടമാണിത്” -ഗസ്സയിലേക്കുള്ള അടിയന്തര സഹായം അതിര്‍ത്തികടന്ന് നിര്‍ബന്ധമായും എത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കി, ലോകാരോഗ്യസംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസിന്റെ മുന്നറിയിപ്പ്. അന്താരാഷ്ട്ര മാനുഷികനിയമങ്ങള്‍ ലംഘിച്ചും ലോകത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചും ഗസ്സയില്‍ മരണംവിതക്കുകയാണ് ഇസ്രായേല്‍. സഹായമെത്തിക്കുന്നതിന് റഫ അതിര്‍ത്തി ക്രോസ് തുറക്കാൻ ഈജിപ്ത് തയാറാണെങ്കിലും ക്രോസിങ് കടന്ന് ഗസ്സയിലേക്കെത്താൻ ഇസ്രായേലാണ് അനുവദിക്കേണ്ടതെന്നും അത് ഇതുവരെ ഉണ്ടായില്ലെന്നും മാര്‍ഗരറ്റ് കൂട്ടിച്ചേര്‍ത്തു. ഗസ്സയില്‍ ജോര്ഡൻ നടത്തുന്ന ആശുപത്രി, ഇസ്രായേല്‍ ആക്രമണം കാരണം സേവനം അവസാനിപ്പിച്ചു. ആയിരത്തിലേറെ പേര്‍ക്ക് ദിവസവും വൈദ്യസഹായം നല്‍കിവന്ന ഫീല്‍ഡ് ആശുപത്രി, 2009ല്‍ ജോര്ഡൻ സൈന്യം സ്ഥാപിച്ചതാണിത്. ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് നാലു മണിക്കകം ഒഴിഞ്ഞുപോകാൻ ഗസ്സ സിറ്റിയിലെ റെഡ് ക്രസന്റ് ആശുപത്രിയോട് ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പരിക്കേറ്റവര്‍ക്കും രോഗികള്‍ക്കും സേവനം നല്‍കലാണ് തങ്ങളുടെ കര്‍ത്തവ്യമെന്നും ഇപ്പോള്‍ ഒഴിഞ്ഞുപോകാൻ കഴിയില്ലെന്നും റെഡ് ക്രസന്റ് പ്രതികരിച്ചു. തുര്‍ക്കിയയില്‍നിന്നും ലോകാരോഗ്യ സംഘടനയില്‍നിന്നും രണ്ടു സഹായ വിമാനങ്ങള്‍ ഗസ്സക്കടുത്ത, ഈജിപ്തിലെ അല്‍ ആരിഷ് വിമാനത്താവളത്തില്‍ എത്തിയെങ്കിലും ഇസ്രായേല്‍ ഉപരോധം കാരണം വിതരണം ചെയ്യാനാകുന്നില്ല. ഗസ്സയില്‍ 24 മണിക്കൂറിനിടെ ഇസ്രായേല്‍ ബോംബിങ്ങില്‍ ഒമ്ബത് ഇസ്രായേല്‍ തടവുകാര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് പറഞ്ഞു. 13 പേര് കൊല്ലപ്പെട്ടതായി സംഘടന വെള്ളിയാഴ്ച അറിയിച്ചിരുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇതുവരെയായി 50 ഫലസ്തീനികളും കൊല്ലപ്പെട്ടു. ഇവിടെ ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൂറുകണക്കിനുപേരെ ഇസ്രായേല്‍ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

