കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരേ ഹൈക്കോടതിയെ സമീപിക്കും; മറുപടിയുമായി സർക്കാർ

തിരുവനന്തപുരം: മഞ്ചേശ്വരം കോഴക്കേസില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനൊരുങ്ങി സര്‍ക്കാര്‍. കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരേ ഹൈക്കോടതിയെ സമീപിക്കും. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സി.പി.എം.- ആര്‍.എസ്.എസ്. ഡീല്‍ ആണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനിടെയാണ് നടപടി.
സണ്ണി ജോസഫ്, സനീഷ്‌കുമാര്‍ ജോസഫ്, സി.ആര്‍. മഹേഷ്. റോജി എം. ജോണ്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് രേഖാമൂലം സര്‍ക്കാര്‍ കേസുമായി മുന്നോട്ടു പോകുന്നു എന്ന മറുപടി നല്‍കിയത്.
വലിയോതോതിലുള്ള വിമര്‍ശനം കേസുമായി ബന്ധപ്പെട്ട് സഭയില്‍ തന്നെ ഉയര്‍ന്നുവന്നിരുന്നു. കെ. സുരേന്ദ്രനെ രക്ഷിക്കാനായി ഒത്തുകളി നടന്നിട്ടുണ്ട് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കേസില്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായപ്പോള്‍ എന്തുകൊണ്ട് പുനഃപരിശോധനാ ഹര്‍ജിയുള്‍പ്പടെയുള്ള തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നില്ല എന്നായിരുന്നു ഉയര്‍ന്ന ചോദ്യം. അതിനെ പ്രതിരോധിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. മൂന്നു ഉപതിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ മഞ്ചേശ്വരം കോഴക്കേസിലുള്ള ചര്‍ച്ചകള്‍ നിര്‍ണായകമാണ്.

