വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടയിലും ഗസ്സയില്‍ കുരുതി തുടര്‍ന്ന് ഇസ്രായേൽ സൈന്യം

ഗസ്സ സിറ്റി: ഗസ്സയില്‍ വെടിനിർത്തല്‍ കരാർ പ്രഖ്യാപിച്ചതിന് ശേഷവും ഇസ്റാഈല്‍ സൈന്യം ആക്രമണങ്ങള്‍ തുടരുന്നു.
ഗസ്സ സിറ്റിയിലെ ഷുജായിയ്യ (Shujayea) പ്രദേശത്ത് ഇസ്റാഈല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഖാൻ യൂനിസില്‍ ഇസ്റാഈലിന്റെ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ല, എല്‍-ബിറേ, ഹെബ്രോണ്‍ ഉള്‍പ്പെടെയുള്ള പല നഗരങ്ങളിലും ഇസ്റാഈല്‍ സൈന്യം രാത്രികാല റെയ്ഡുകള്‍ നടത്തി. വീടുകളില്‍ അതിക്രമിച്ചു കടക്കുകയും നിരവധി യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി വാർത്താ ഏജൻസിയായ വാഫ റിപ്പോർട്ട് ചെയ്തു. തുല്‍ക്കറെമിലെ അനബ്തയില്‍ ഇസ്റാഈലി സൈനികർ ഒരു യുവാവിന്റെ കൈക്ക് വെടിയുതിർത്തു.
ഇസ്റാഈല്‍ ജയിലുകളില്‍ നിന്ന് മോചിതരായ ഫലസ്തീനികള്‍ക്ക് മർദനമേല്‍ക്കുകയും അപമാനിക്കപ്പെടുകയും ചെയ്തതായി അവർ വെളിപ്പെടുത്തി. നിയമവിരുദ്ധമായി 10,000-ത്തിലധികം ഫലസ്തീനികള്‍ ഇപ്പോഴും ഇസ്റാഈല്‍ ജയിലുകളില്‍ കഴിയുന്നുണ്ട്.
വെടിനിർത്തല്‍ നിലവില്‍ വന്നതില്‍ ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമുണ്ടെങ്കിലും, സാധാരണ ജീവിതം പുനഃസ്ഥാപിക്കാനുള്ള സാഹചര്യമില്ല. ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. അവർ പട്ടിണിയിലാണ്. ഗസ്സയിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഭവനരഹിതരാണ്. വെള്ളം, വൈദ്യുതി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം തകർന്നു.
കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. പരിക്കേറ്റവർ ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്. റഫ ക്രോസിംഗ് ഉടൻ തുറക്കുമെന്നും ആളുകള്‍ക്ക് ഗസ്സയിലേക്ക് തിരികെ പോകാനും പുറത്തുപോകാനും കഴിയുമെന്നും അവർ പ്രതീക്ഷിക്കുന്നു.
വെടിനിർത്തലിന് ശേഷം എന്ത് സംഭവിക്കുമെന്ന ചോദ്യമാണ് ഫലസ്തീനികള്‍ക്കിടയില്‍ അവശേഷിക്കുന്നത്.