KSDLIVENEWS

Real news for everyone

വിജയത്തിനു ശേഷം ട്രംപ് ആദ്യമായി വൈറ്റ് ഹൗസിൽ; ജനുവരിയില്‍ സുഗമമായ അധികാര കൈമാറ്റം ഉറപ്പുനല്‍കി ബൈഡനും ട്രംപും

SHARE THIS ON

വാഷിങ്‌ടൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കു വേദിയായി വൈറ്റ് ഹൗസ്. ജനുവരിയിൽ സുഗമമായ അധികാര കൈമാറ്റം ഇരുവരും വാഗ്ദാനം ചെയ്തു. “സുഗമമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, നിങ്ങൾക്ക് സൗകര്യപ്രദമാകാൻ ഞങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യും” – ബൈഡൻ പറഞ്ഞു. “രാഷ്ട്രീയം കഠിനമാണ്, പല കാര്യങ്ങളിലും ഇത് വളരെ മനോഹരമായ ലോകമല്ല, പക്ഷേ ഇന്ന് ഇതൊരു മനോഹരമായ ലോകമാണ്. സുഗമമായി അധികാരം കൈമാറ്റം ചെയ്യപ്പെടുന്നതിൽ വളരെയധികം അഭിനന്ദിക്കുന്നു. വളരെയധികം അഭിനന്ദിക്കുന്നു” – ട്രംപ് പ്രതികരിച്ചു.

പ്രസിഡന്റ് പദത്തിൽ രണ്ടാം ഊഴത്തിനു മത്സരിച്ച ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് 2020–ൽ ജോ ബൈഡൻ യുഎസ് പ്രസിഡന്റായത്. ഇത്തവണയും ബൈഡൻ മത്സരരംഗത്ത് എത്തിയെങ്കിലും ഇരുവരും തമ്മിലുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനത്തിനു പിന്നാലെ വിമർശനങ്ങൾ ഉയർന്നതോടെ മത്സരത്തിൽ നിന്നു പിന്മാറുകയായിരുന്നു.

റിപ്പബ്ലിക്കൻ നേതാവും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് രണ്ടാം തവണയാണ് യുഎസ് പ്രസിഡന്റ് പദത്തിലെത്തുന്നത്. ട്രംപിന് 312 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 226 വോട്ടുകളാണ് നേടാനായത്. വിജയത്തിന് 270 വോട്ടുകളാണ് വേണ്ടിയിരുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. ജനുവരി 20ന് ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി ചുമതലയേൽക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!