ഗസ്സയിലും ലബനാനിലും കൂട്ടക്കൊല തുടരുന്നു; ഇസ്രായേലില്‍ ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം
ഗസ്സ സിറ്റി/ബൈറൂത്: ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ബുധനാഴ്ച ഗസ്സയില്‍ 46 പേരും ലബനാനില്‍ 33 പേരും കൊല്ലപ്പെട്ടു.
ഗസ്സക്ക് അടിയന്തര സഹായം എത്തിക്കാൻ യു.എസ് നല്‍കിയ സമയപരിധി ചൊവ്വാഴ്ച അവസാനിച്ച ശേഷമായിരുന്നു ഇസ്രായേല്‍ ആക്രമണം.
വടക്കൻ ഗസ്സയിലെ ബൈത് ഹനൂനിലെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. കമാല്‍ അദ്‌വാൻ ആശുപത്രിയിലെ സന്നദ്ധ ഡോക്ടർ ദമ്ബതികളും മകളും കൊല്ലപ്പെട്ടതായി ഡയറക്ടർ ഹുസാം അബൂ സഫിയ പറഞ്ഞു.
മുവാസിയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 11 പേരെയും വധിച്ചു. ശേഷിക്കുന്ന 20 പേർ മധ്യ, തെക്കൻ ഗസ്സയിലുണ്ടായ ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യ വിഭാഗം അറിയിച്ചു.
വടക്കൻ ഗസ്സയിലെ ജബലിയയില്‍ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേല്‍ സൈന്യം നിർദേശിച്ചിട്ടുണ്ട്. ഇസ്രായേല്‍ സൈന്യം പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ഇവിടെ ജനവാസം ഇല്ലാതാക്കാനാണ് നീക്കമെന്നാണ് ഫലസ്തീനികളുടെ ആശങ്ക. വീടുകളില്‍നിന്നും ഷെല്‍ട്ടറുകളില്‍നിന്നും ആളുകളെ സൈന്യം പുറത്താക്കുകയാണ്.
ലബനാനില്‍ ബൈറൂത്തിന് സമീപം അപ്പാർട്മെന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ആറുപേർ കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടും. മധ്യ ലബനാനില്‍ എട്ട് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ 15 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, വടക്കൻ ഇസ്രായേലിലെ നഹാരിയയില്‍ റോക്കറ്റ് പൊട്ടിത്തെറിച്ച് രണ്ടുപേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഹൈഫ നഗരത്തിലേക്കും ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം ഉണ്ടായി. 2023 ഒക്ടോബർ ഏഴിനുശേഷം ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവർ 43,712 ആയി; ലബനാനില്‍ 3287 പേരും.