KSDLIVENEWS

Real news for everyone

ഇപി ആത്മകഥ വിവാദം; പരസ്യമായി തുണക്കുമ്പോഴും സംശയത്തോടെ നേതൃത്വം; ഉപതെര‍ഞ്ഞെടുപ്പിന് ശേഷം പരിഗണിക്കും

SHARE THIS ON

കണ്ണൂർ: ആത്മകഥാ വിവാദത്തില്‍ ഇ പി ജയരാജനെ പരസ്യമായി തുണക്കുമ്ബോഴും ഉള്ളില്‍ സംശയിച്ചു സിപിഎം നേതൃത്വം. സംഘടനാ പ്രവർത്തനം തുടങ്ങിയതു മുതലുള്ള കാര്യങ്ങള്‍ പുറത്തുവന്ന ആത്മകഥയില്‍ അക്കമിട്ട് പറയുന്നു.

സ്വകാര്യ ശേഖരത്തിലെ ഫോട്ടോകളും ഉള്ളതാണ് സംശയം കൂട്ടുന്നത്. ഡിസി ബുക്സിന്റെ പേരില്‍ പുറത്തുവന്ന പുസ്തകത്തിന്റെ പകർപ്പ് തന്റേതല്ലെന്ന് ഇ പി ജയരാജൻ പരസ്യമായി പറഞ്ഞിരുന്നു. പരസ്യമായി ഇപി ക്കൊപ്പം ആണ് നിലവില്‍ സിപിഎം നേതൃത്വം.

എന്നാല്‍ ഇപി യെ പൂർണ്ണ തോതില്‍ വിശ്വാസത്തില്‍ എടുക്കുന്നില്ല നേതൃത്വത്തിലെ ചിലർ. അതിന് കാരണങ്ങള്‍ നിരവധി. ചെറുകുന്ന് ഹൈസ്കൂളിലെ പഠനം മുതല്‍ പിഡി എഫ് ഫയലിലുണ്ട്. 1965 കാലഘട്ടത്തിലെ കുടുംബത്തിലെ പട്ടിണിയെ കുറിച്ച്‌ പറയുന്നുണ്ട്. കണ്ണൂർ എസ് എൻ കോളേജില്‍ പ്രീഡിഗ്രിക്ക് സീറ്റ് കിട്ടിയതും കെഎസ്‌എഫിൻ്റെ കണ്ണൂർ താലൂക്ക് സെക്രട്ടറി ആകുന്നതും ഓർമിച്ച്‌ എടുക്കുന്നുണ്ട്.

പാർട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തിരികെ വരുന്ന വഴി വെടിയേറ്റതിൻ്റെ ദുഖിപ്പിക്കുന്ന ഓർമ്മയും ആ സമയത്ത് ചികിത്സിച്ച ഡോക്ടറുടെ പേരും വരെ പുറത്തുവന്ന പുസ്തകത്തിൻറെ പി ഡി എഫ് ഫയലില്‍ ഉണ്ട്. ഇ പി ജയരാജന്റെ വ്യക്തിപരമായ ചിത്രങ്ങളും പുറത്തുവന്ന ഫയലില്‍ കാണാൻ കഴിയും. സിപിഎമ്മിന്റെ വിവിധ നേതാക്കന്മാരുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ അടക്കം ഇതിന്റെ ഭാഗമായിട്ടുണ്ട്. വ്യക്തിപരമായ കാര്യങ്ങളും ഫോട്ടോകളും എല്ലാം ഇ പി ജയരാജൻ അറിയാതെ എങ്ങനെ അച്ചടിച്ചു വരും എന്നുള്ള ചോദ്യമാണ് സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്.

തെരഞ്ഞെടുപ്പ് ദിവസം രാവിലെ ഇത് പുറത്തുവന്നതിലുള്ള അതൃപ്തി, നേതൃത്വം പരസ്യമായി പ്രകടിപ്പിക്കുന്നില്ല എന്ന് മാത്രമേയുള്ളൂ. ഡിസിയെ പോലുള്ള പ്രസാധകർ എല്ലാം കൃത്രിമമായി ഉണ്ടാക്കുമോ എന്നുള്ള സംശയവും നേതാക്കള്‍ക്ക് ഉണ്ട്. വിവാദത്തിന്റ പോക്ക് എങ്ങോട്ടാണ് എന്ന് പാർട്ടി നിരീക്ഷിക്കുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സിപിഎം ഗൗരവമായി ഇകാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന.



Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!