ഭക്ഷണത്തിൽ പുഴു; ചെറുവത്തൂരിൽ ഹോട്ടൽ അടപ്പിച്ചു; പരിശോധനയിൽ പഴകിയതും വൃത്തിഹീനവുമായ ഭക്ഷണം കണ്ടെത്തി
ചെറുവത്തൂർ: ഭക്ഷണത്തിൽ പുഴു കണ്ടതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ഹോട്ടൽ അടപ്പിച്ചു. യൂനിറ്റി ഹോസ്പിറ്റലിന് സമീപമുള്ള ഹോട്ടലിൽനിന്നാണ് ഭക്ഷണത്തിൽ പുഴു കണ്ടെത്തിയത്.
പരാതിയെ തുടർന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും നടത്തിയ സംയുക്ത പരിശോധനയിൽ പഴകിയതും പാചകം ചെയ്തതുമായ ചിക്കൻ, ബീഫ് അടക്കമുള്ള മാംസവും പഴകിയതും വൃത്തിഹീനവുമായ രീതിയിൽ ഫ്രീസറിൽ സൂക്ഷിച്ചതുമായ പഴംപൊരി, പത്തൽ, അരിമാവുകൾ എന്നിവ കണ്ടെത്തിയത്.
കൂടാതെ, ഹോട്ടലും പരിസരവും വൃത്തിഹീനമായ നിലയിലായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ. മധു, ടി.കെ. അഭിജിത് കുമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പരിശോധനുടെ ഭാഗമായി ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്തധികൃതരും ആരോഗ്യവകുപ്പും അറിയിച്ചു.