അധികം കാത്തിരിക്കേണ്ട, സാസംങ് എസ്25 സീരീസ് നേരത്തെ എത്തിയേക്കും; റിപ്പോർട്ട്
സാംസങ്ങിൻ്റെ പ്രീമിയം സ്മാർട്ഫോണുകളിൽ വരാനിരിക്കുന്ന ഏറ്റവും പുതിയ മോഡലാണ് സാംസങ് ഗാലക്സി എസ് 25 സീരിസ്. ഏറെ പ്രതീക്ഷയോടെയാണ് മൊബൈൽ ഫോൺ പ്രേമികൾ ഈ മോഡലിനായി കാത്തിരിക്കുന്നത്. എല്ലാ വർഷവും ജനുവരി അവസാനവാരമോ, ഫെബ്രുവരി ആദ്യവാരമോ ആണ് എസ് സീരിസ് സ്മാർട്ഫോണുകൾ സാസംങ് അവതരിപ്പിക്കാറുള്ളത്. എന്നാൽ ഇക്കുറി അത് നേരത്തെ ആകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
2025 ജനുവരി ആദ്യവാരം തന്നെ എസ് 25 സീരിസ് മൊബൈലുകൾ പ്രീഓർഡർ ചെയ്യാൻ സാധിക്കുമെന്നാണ് പുറത്തുവരുന്ന റൂമറുകൾ. ഒരു എക്സ് പോസ്റ്റിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിനു പിന്നാലെ തന്നെ മൊബൈലിൻ്റെ ലോഞ്ച് ഇവൻ്റ് ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്25 സീരിസിൽ നാല് മോഡലുകൾ ഉണ്ടാകുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. എപ്പോഴത്തേതും പോലെ എസ്25, എസ്25+, എസ് 25 അൾട്ര എന്നിവക്ക് പുറമെ എസ്25 സ്ലിം എന്ന പുതിയ മോഡലും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ സ്ലിം മോഡൽ കുറച്ച് മാസങ്ങൾക്ക് ശേഷമായിരിക്കും അവതരിപ്പിക്കുക.
പുതിയ സീരിസിലെ എല്ലാ മോഡലുകളും പവർഫുൾ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എലൈറ്റിലായിരിക്കും പ്രവർത്തിക്കുക. സാംസങിൻ്റെ ലേറ്റസ്റ്റ് വൺ യുഐ7 അടിസ്ഥാനപ്പെടുത്തി ആൻഡ്രോയിഡ് 15ലായിരിക്കും മൊബൈലെത്തുക എന്ന് കമ്പനി നേരത്തെ ഡെവലപ്പർ കോൺഫറൻസിൽ വ്യക്തമാക്കിയിരുന്നു. ഈ അപ്ഡേറ്റ് അതേസമയം തന്നെ സാസംങിൻ്റെ നിലവിലുള്ള മൊബൈലുകളിലും എത്തുമെന്നാണ് റിപ്പോർട്ട്.