മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമൻ അന്തരിച്ചു

കാസര്‍കോട്: സി പി ഐ എം മുൻ ജില്ലാ സെക്രട്ടറിയും തൃക്കരിപ്പൂര്‍ മുൻ എം.എല്‍.എയുമായ കെ. കുഞ്ഞിരാമൻ (80) അന്തരിച്ചു. അര്‍ധരാത്രിയോടെ കണ്ണൂര്‍ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1979 മുതല്‍ 1984 വരെ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡൻ്റ്, തുടര്‍ന്ന് നീലേശ്വരം ബി.ഡി.സി.ചെയര്മാൻ, കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി, പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് മെമ്ബര്‍, 1994 മുതല്‍ 2004 വരെ സി.പി.എം ജില്ലാ സെക്രട്ടറി, 2006 മുതല്‍ 2016 വരെ എം എല്‍ എ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിൻ്റെ ജീവിതം സംഭവബഹുലമായിരുന്നു. പാരമ്ബര്യ വൈദ്യ കുടുംബാംഗമായിരുന്ന കുഞ്ഞിരാമൻ ആയുര്‍വേദ കോളേജില്‍ പഠിക്കുന്നതിനിടെയായിരുന്നു എസ്.എഫ്.ഐയിലേക്ക് ആകൃഷ്ടനായി സംസ്ഥാന വൈസ് പ്രസിഡൻ്റ് പദവി വരെ എത്തുന്നത്. പള്ളിക്കര സംഭവം, അടിയന്തരാവസ്ഥ, ചീമേനി തോല്‍വിറക് പോരാട്ടം എന്നിവയടക്കമുള്ള ഒട്ടേറെ സമരങ്ങളില്‍ മുൻനിര പോരാളിയായിരുന്നു. മൃതദേഹം രാവിലെ 10 മണിക്ക് കാലിക്കടവിലെത്തിക്കും. 11 മണിക്ക് കാരിയില്‍, 12 മണിക്ക് ചെറുവത്തൂര്‍ എന്നിവിടങ്ങളിലെ പൊതുദര്‍ശനത്തിന് ശേഷം 1 മണിക്ക് മട്ടലായിയിലെ മാനവീയം വസതിയിലെത്തിക്കും. തുടര്‍ന്നായിരിക്കും സംസ്കാരം.

