പത്ത് പുതിയ എഫക്ടുകള്‍, എച്ച്.ഡി. വീഡിയോ കോള്‍; കൂടുതല്‍ ഫീച്ചറുകളുമായി വാട്‌സാപ്പ്
നിരന്തരം പുതിയ അപ്‌ഡേഷനുകളും ഫീച്ചറുകളും നല്‍കുന്ന സോഷ്യല്‍ മീഡിയ മെസേജിങ് ആപ്പാണ് വാട്‌സാപ്പ്. വരാനിരിക്കുന്ന അവധിക്കാലത്ത് ഏറ്റവും മികച്ച വീഡിയോ-ഓഡിയോ കോളിങ് അനുഭവം ഉറപ്പാക്കുന്നതിനായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. വീഡിയോ കോളുകളില്‍ കൂടുതല്‍ എഫക്ടുകള്‍ കൊണ്ടുവന്നതാണ് പ്രധാന കൂട്ടിച്ചേര്‍ക്കല്‍. ഹൈ റെസലൂഷന്‍ വീഡിയോയിലൂടെ വീഡിയോ കോള്‍ അനുഭവവും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് വാട്‌സാപ്പ് അവകാശപ്പെടുന്നത്.
പപ്പി ഇയേഴ്‌സ്, അണ്ടര്‍ വാട്ടര്‍, കരോക്കെ മൈക്രോഫോണ്‍ തുടങ്ങി പത്ത് വീഡിയോ കോള്‍ എഫക്ടുകളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഗ്രൂപ്പ് ചാറ്റില്‍നിന്ന് പ്രത്യേകം ആളുകളെ മാത്രം തിരഞ്ഞെടുത്ത് കോള്‍ ചെയ്യാനുള്ള സംവിധാനവും പുതുതായി നല്‍കുന്നുണ്ട്. ഡെസ്‌ക്‌ടോപ്പ് വാട്‌സാപ്പിലും ഏതാനും പുതിയ ഓപ്ഷനുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ഒരു കോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ കോള്‍ ലിങ്ക് ഒരുക്കാനും മറ്റൊരു നമ്പര്‍ ഡയല്‍ ചെയ്യാനുമുള്ള ഫീച്ചറാണ് പ്രധാന കൂട്ടിച്ചേര്‍ക്കല്‍.
റിയല്‍ ടൈം ചാറ്റില്‍ ടൈപ്പിങ് ഇന്‍ഡിക്കേറ്റര്‍ അടുത്തിടെ വാട്‌സാപ്പില്‍ കൊണ്ടുവന്നിരുന്നു. വണ്‍-ടു-വണ്‍ ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ടൈപ്പ് ചെയ്യുന്ന ആളുടെ പ്രൊഫൈല്‍ ചിത്രം ഉള്‍പ്പെടെയുള്ള ടൈപ്പിങ് ഇന്‍ഡിക്കേഷനാണ് നല്‍കുന്നത്. ഗ്രൂപ്പ് ചാറ്റുകളിലും മറ്റും ഒന്നിലധികം ആളുകള്‍ ഒരേസമയം ടൈപ്പ് ചെയ്യുമ്പോഴാണ് ഈ ഫീച്ചര്‍ കൂടുതല്‍ ഉപകാരപ്രദമാകുന്നത് എന്നാണ് വാട്‌സാപ്പ് അവകാശപ്പെടുന്നത്.
വോയിസ് മെസേജുകള്‍ അയയ്ക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനായി അടുത്തിടെ വോയിസ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റുകളും വാട്‌സാപ്പില്‍ വന്നിരുന്നു. വോയിസ് മെസേജുകളുടെ ടെസ്റ്റ് അടിസ്ഥാനമാക്കിയുള്ള ട്രാന്‍സ്‌ക്രിപ്ഷന്‍ നല്‍കുന്നതാണ് ഈ സംവിധാനം. സന്ദേശം ലഭിക്കുന്നയാള്‍ക്ക് മാത്രമായിരിക്കും മെസേജിന്റെ സ്‌ക്രിപ്റ്റ് കാണാന്‍ കഴിയുക. അയയ്ക്കുന്ന ആള്‍ക്ക് അത് കാണാന്‍ സാധിക്കില്ലെന്നുമാണ് വാട്‌സാപ്പ് അറിയിച്ചിരിക്കുന്നത്.