ചിത്താരി ചേറ്റ്കുണ്ടിൽ കാർ തടഞ്ഞുനിർത്തി പണം കവർന്ന കേസ്: 3 പേർ അറസ്റ്റിൽ
ബേക്കൽ: പൊലീസ് വേഷധാരിയടങ്ങിയ സംഘം കാർ തടഞ്ഞു നിർത്തി വ്യാപാരിയുടെ 1.75 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബേളൂർ ഏഴാംമൈലിലെ കെ.തൗസീഫ്(30), ഏഴാം മൈൽ കായലടുക്കത്തെ വി.റംഷീദ്(31), ഹൊസ്ദുർഗ് മീനാപ്പീസിലെ കെ.മുഹമ്മദ് സിനാൻ(19) എന്നിവരെയാണ് ഇൻസ്പെക്ടർ പി.കെ.ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.പ്രതികളെ ഹൊസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു. കേസിൽ ഇനി നാലുപേരെ കൂടി പിടികൂടാനുണ്ട്.
കഴിഞ്ഞ 16നു രാവിലെയായിരുന്നു നോർത്ത് കോട്ടച്ചേരിയിലെ വ്യാപാരി ബി.ഷംസു സലാമിന്റെ (60)പണം സംഘം കൊള്ളയടിച്ചത്. പള്ളിക്കര കല്ലിങ്കാലിലെ വീട്ടിൽനിന്നു നോർത്ത് കോട്ടച്ചേരിയിലെ കച്ചവടസ്ഥാപനത്തിലേക്കു കാറിൽ പോകവേ മറ്റൊരു കാറിലെത്തിയ സംഘം ചേറ്റുകുണ്ടിൽ വച്ചു തടഞ്ഞു നിർത്തിയാണു കൊള്ള നടത്തിയത്. ഡ്രൈവർ സീറ്റിൽനിന്നു ഷംസു സലാമിനെ ബലമായി പിൻസീറ്റിലേക്കു മാറ്റിയ ശേഷം, കാർ ചാമുണ്ഡിക്കുന്ന് കൊട്ടിലങ്ങാട് പാലത്തിലെത്തിച്ചാണു ഡാഷ് ബോർഡിൽ ഉണ്ടായിരുന്ന 1.75 ലക്ഷം രൂപ കവർന്നത്.കെഎൽ 01 എന്ന നമ്പറിൽ തുടങ്ങുന്ന കാറിലാണു സംഘമെത്തിയതെന്ന് ഷംസു പൊലീസിനോടു പറഞ്ഞിരുന്നു. ഇതു വ്യാജ നമ്പറാണെന്നു തിരിച്ചറിഞ്ഞ അന്വേഷക സംഘം മുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതികൾ സഞ്ചരിച്ച കാറിന്റെ ശരിയായ നമ്പർ കണ്ടെത്തി. തുടർന്ന് നടത്തിയ നീക്കത്തിലൂടെയാണ് മൂവർ പിടിയിലായത്.
റംഷീദും തൃശൂർ ജയിലിൽ വച്ചു പരിചയപ്പെട്ടയാളും ചേർന്നാണു കവർച്ച ആസൂത്രണം ചെയ്തതെന്നും ഈ കേസിൽ 4 പേരെ കൂടി കിട്ടാനുണ്ടെന്നും പൊലീസ് പറഞ്ഞു. എസ്ഐമാരായ എ.അൻസാർ, കെ.വി.രാജൻ, സിവിൽ പൊലീസ് ഓഫിസർമാരായ കെ.സുഭാഷ്, കെ.വി.ബിനീഷ്, സജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.