ഡിജിറ്റൽ സർവേ പ്രവർത്തനങ്ങളിൽ ജില്ല അതിവേഗം മുന്നോട്ട്; ഇതുവരെ അളന്നത് 29,300 ഹെക്ടർ, 10 വില്ലേജുകളിൽ സർവേ അതിവേഗം പുരോഗമിക്കുന്നു

കാസർകോട്: ഡിജിറ്റൽ സർവേ പ്രവർത്തനങ്ങളിൽ ജില്ല അതിവേഗം മുന്നോട്ട്. സംസ്ഥാനത്താദ്യമായി റവന്യൂ ഭരണത്തിന് കൈമാറിയ ഉജാർ ഉൾവാർ വില്ലേജിലേതുൾപ്പെടെയാണ് ഒന്നാം ഘട്ടത്തിൽ 18-ഉം രണ്ടാം ഘട്ടത്തിൽ 19-ഉം വില്ലേജുകളിലാണ് ഡിജിറ്റൽ സർവേ നടത്തിയത്. പ്രവർത്തനം മൂന്നാം ഘട്ടത്തിലെത്തുമ്പോൾ ജില്ലയിൽ ഇതുവരെ സർവേ വകുപ്പിന്റെ നേതൃത്വത്തിൽ അളന്നത് 29,300 ഹെക്ടർ ഭൂമിയാണ്.
ആദ്യഘട്ടത്തിലെ 18 വില്ലേജുകളിലും സർവേക്ക് ശേഷം അതിരടയാള നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി. ഇതിൽ ഉജാർ ഉൾവാർ വില്ലേജിന് പുറമെ ബാക്കി വില്ലേജുകളും റവന്യൂ ഭരണത്തിന് കൈമാറാനുള്ള ഒരുക്കത്തിലാണ് വകുപ്പ്. രണ്ടാംഘട്ടത്തിലെ 19 വില്ലേജുകളിൽ ഒൻപതിടത്തെ ഭൂമിസർവേ അതിരടയാള നിയമ പ്രകാരം രേഖ പ്രസിദ്ധീകരിച്ചു.
പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലാണ്. 10 വില്ലേജുകളിൽ സർവേ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. മൂന്നാംഘട്ട സർവേ പ്രവർത്തനത്തിനായി ജില്ലയിൽ 13 വില്ലേജുകൾ തിരഞ്ഞെടുത്തതിൽ ആദ്യ വില്ലേജ് ചെമ്മനാട് പഞ്ചായത്തിൽപ്പെട്ട പെരുമ്പളയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് ചെമ്മനാട് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. സർവേ ഉദ്ഘാടനം ചെയ്യും.

