വാണിജ്യ രംഗത്തെ പുതിയ ചുവടുവെപ്പ്, സഞ്ചാരികൾ ഇനി എറണാകുളം മാർക്കറ്റും സന്ദർശിക്കും – മുഖ്യമന്ത്രി
കൊച്ചി: അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച എറണാകുളം മാർക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കൊച്ചി കോർപറേഷന്റെ സഹകരണത്തോടെ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്‌എംഎൽ) നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 72.69 കോടി രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നവീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തൊട്ടടുത്ത് തന്നെയുള്ള മൾട്ടിലെവൽ പാർക്കിങ്ങ് നിർമാണത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
എറണാകുളം മാർക്കറ്റ് നാളെ ഒരു സന്ദർശന കേന്ദ്രമാകുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ അവിടെയുള്ള പ്രസിദ്ധമായ മാർക്കറ്റുകൾ സഞ്ചാരികൾ സന്ദർശിക്കാറുണ്ട്. ആ പട്ടികയിലേക്കാണ് എറണാകുളം മാർക്കറ്റും ഉൾപെടുത്തിയിരിക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളത്തെത്തുന്ന യാത്രക്കാർ എറണാകുളം മാർക്കറ്റ് കൂടി കാണാമെന്ന ചിന്തയിലേക്ക് എത്തിച്ചേരും. എല്ലാ രീതിയിലും സുസജ്ജമായ മാർക്കറ്റ് സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വാണിജ്യ രംഗത്ത് ഒരു പുതിയ ചുവടുവെപ്പാണിത്. പദ്ധതിയ്ക്കായി എല്ലാവരും കൈകോർത്തുവെന്നും ജല ശുദ്ധീകരണത്തിനുള്ള പദ്ധതിയിലേക്കാണ് അടുത്തതായി കടക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു സ്ഥലവും വീടും ഇല്ലാത്തവർക്ക് വീട് നിർമ്മിച്ച് നൽകാൻ കഴിയണമെന്നും തദേശസ്ഥാപനങ്ങൾ അതിനുള്ള പ്രവർത്തനം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2022 ലാണ് മാർക്കറ്റിന്റെ നിർമാണം ആരംഭിച്ചത്. 1.63 ഏക്കറിൽ 19,990 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ മൂന്ന് നിലകളിലായാണ് മാർക്കറ്റ്. 275 കടമുറികൾ, അത്യാധുനിക മാലിന്യ സംസ്കരണ സംവിധാനം, പാർക്കിങ് സൗകര്യം എന്നിവയും ഈ സ്മാർട്ട് മാർക്കറ്റിലുണ്ട്. ഏറ്റവും മുകളിലത്തെ നിലയിൽ ഫുഡ് കോർട്ടിനുള്ള സൗകര്യവുമുണ്ട്. 82 ശുചിമുറികൾ ഉൾപ്പെടെ ആധുനിക നിലവാരത്തിലുള്ള സൗകര്യങ്ങളാണ് മാർക്കറ്റ് കെട്ടിടത്തിൽ തയാറാക്കിയിട്ടുള്ളത്.
സൗരോർജ വിളക്കുകൾ, സുരക്ഷ ക്യാമറകൾ, മഴവെള്ള സംഭരണി, അഗ്നിരക്ഷാ സംവിധാനങ്ങൾ, ലിഫ്റ്റുകൾ, മാലിന്യ സംസ്കരണ സംവിധാനം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ പാർക്കിങ്ങ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.