KSDLIVENEWS

Real news for everyone

വര്‍ഗീയതയ്ക്കെതിരായ പോരാട്ടം അതിശക്തമാക്കണമെന്ന് തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു: മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്നും ഇതിൻ്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും, ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാന നഗരത്തിൽ എൻഡിഎക്ക് മേൽക്കൈ നേടാനായതും, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർ​ഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ടുപോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

എല്ലാത്തരം വർഗീയതയ്ക്കും എതിരായ പോരാട്ടം കൂടുതൽ ശക്തമായി തുടരേണ്ടതിൻ്റെ ആവശ്യകതയ്ക്കും ഈ ഫലം അടിവരയിടുന്നു. അത്തരം എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച്, ജനങ്ങളുടെ ആകെ പിന്തുണ ആർജ്ജിച്ച് മുന്നോട്ടു പോകാനുള്ള ചർച്ചകളിലേക്കും തീരുമാനങ്ങളിലേക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി വരും നാളുകളിൽ കടക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ അടിത്തറ കൂടുതൽ ഭദ്രമാക്കാനും, ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻ്റെ വികസന-ജനക്ഷേമ പദ്ധതികൾക്കുള്ള ജനപിന്തുണ വർദ്ധിപ്പിക്കാനും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!