KSDLIVENEWS

Real news for everyone

കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം

SHARE THIS ON

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിച്ചതോടെ കണ്ണൂരിൽ വിവിധയിടങ്ങളിൽ സംഘർഷം. കണ്ണൂരിലെ പാനൂരിലും ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായി. പാനൂരിൽ വീടുകളിൽ കയറി സിപിഎം പ്രവർത്തകർ വടിവാൾ കൊണ്ട് ആക്രമിച്ചു. വാളുമായി എത്തിയ സിപിഎം പ്രവർത്തകർ യുഡിഎഫ് പ്രവർത്തകന്റെ വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിച്ചു. യുഡിഎഫിന്റെ പ്രകടനത്തിന് നേരെ കല്ലേറും സ്ഫോടക വസ്തുക്കളും എറിഞ്ഞു. സിപിഎം പാർട്ടി കൊടികൊണ്ട് മുഖംമൂടിയാണ് അക്രമി സംഘം എത്തിയത്. ഇതിൻ്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു. 

ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അക്രമസംഭവങ്ങൾ ഉണ്ടായത്. 25 വർഷത്തിന് ശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തിരുന്നു. 11 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇതിൻ്റെ വിജയാഹ്ലാദ പ്രകടനം അങ്ങാടിയിൽ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. യുഡിഎഫ് പ്രവർത്തകർ തിരിഞ്ഞോടിയതോടെ സിപിഎം പ്രവർത്തകരെത്തി ജനക്കൂട്ടത്തിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. ലീ​ഗ് ഓഫീസ് അടിച്ചുതകർത്തു. കൂടാതെ വടിവാളെടുത്ത് വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിക്കുകയുമായിരുന്നു. നിലവിൽ പാറാട് ന​ഗരത്തിൽ സംഘർഷം തുടരുകയാണ്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പാനൂരിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

അതേസമയം, കണ്ണൂരിലെ ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുകയാണ്. പ്രദേശത്ത് സിപിഎം-യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കല്ലേറിൽ പൊലീസ് ബസ്സും വ്യാപാര സ്ഥാപനങ്ങളും തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. കണ്ണൂർ മലപ്പട്ടത്തും സിപിഎം അതിക്രമം ഉണ്ടായി. യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിലാണ് കയ്യേറ്റം ഉണ്ടായതെന്നാണ് വിവരം. അതിനിടെ, കാസർകോട് മംഗൽപ്പാടിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയെ വീട്‌ കയറി ആക്രമിച്ചു. ഉപ്പള ഗേറ്റിലെ സ്ഥാനാർഥി അഷ്‌റഫ്‌ പച്ചിലമ്പാറയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. മുസ്ലീം ലീഗ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ആക്രമണത്തിൽ അഷ്‌റഫിന്റെ ഭാര്യക്കും മകൾക്കും പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!