സിഡ്നി ബീച്ചിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു, ചിതറിയോടി വിനോദ സഞ്ചാരികള്‍

സിഡ്‌നി (ഓസ്‌ട്രേലിയ): സിഡ്‌നിയിലെ വിനോദസഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം വൈകീട്ട് 6.45-ഓടെയാണ് വെടിവയ്പുണ്ടായത്. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബോണ്ടി ബീച്ചിലേക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പോകരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പോലീസും എമര്‍ജന്‍സി റെസ്‌പോണ്ടന്റും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
സംഭവത്തില്‍ രണ്ട് ഷൂട്ടര്‍മാരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നത് അനുസരിച്ച്, ഏകദേശം 50 റൗണ്ട് വെടിവയ്പുണ്ടായി. കറുത്ത വസ്ത്രം ധരിച്ച രണ്ടുപേരാണ് വെടിവെച്ചത്. ആളുകള്‍ നിലവിളിക്കുകയും ചിതറിയോടുകയും ചെയ്തതോടെ ഇരുവരും തുടരത്തുടരേ വെടിവെച്ചുകൊണ്ടിരുന്നു. ബോണ്ടിയിലെ സംഭവം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വ്യക്തമാക്കി.
എട്ടുദിവസത്തെ യഹൂദ ഉത്സവമായ ഹാനക്കയുടെ ആദ്യ രാത്രിയിലാണ് വെടിവയ്പ് നടന്നത്. ഉത്സവവുമായി ബന്ധപ്പെട്ട് കടല്‍ത്തീരത്ത് നൂറുകണക്കിന് ആളുകല്‍ ഒത്തുകൂടിയ സമയമായിരുന്നു ഇത്. സംഭവത്തിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ വെടിയൊച്ചകളും പോലീസ് സൈറണുകളും കേള്‍ക്കാം. ബീച്ചിലെത്തിയവര്‍ പ്രദേശം വിട്ട് ഓടണമെന്ന് നിര്‍ദേശിക്കുന്നതും കാണാം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
സിഡ്‌നിയിലെ കിഴക്കന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ബോണ്ടി ബീച്ച് 3,000 അടിയിലധികം നീളമുള്ളതും ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളില്‍ ഒന്നുമാണ്. പ്രതിദിനം ആയിരക്കണക്കിന് സന്ദര്‍ശകരാണ് ബീച്ചിലെത്തുന്നത്.

