വി.സി നിയമനത്തിനുള്ള അധികാരം കോടതിക്കില്ല; സുപ്രീം കോടതിക്കെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരെ നിയമിക്കാനുള്ള അധികാരം ചാന്‍സിലര്‍ക്കാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍. കോടതികള്‍ വി.സിമാരെ നിയമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. യു.ജി.സി നിയമത്തില്‍ വി.സിമാരെ നിയമിക്കേണ്ടത് ചാന്‍സിലറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. വി.സി നിയമനത്തിലെ സുപ്രീംകോടതി നടപടികള്‍ക്കെതിരായ വിമര്‍ശനമാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മുന്‍ ചീഫ് ജസ്റ്റിസും കേരളത്തിന്റെ മുന്‍ ഗവര്‍ണറുമായിരുന്ന വി. സദാശിവത്തിന് വി.ആര്‍. കൃഷ്ണയ്യര്‍ പുരസ്‌കാരം നല്‍കുന്ന വേദിയില്‍ വെച്ചാണ് ഗവര്‍ണറുടെ വിമര്‍ശനം.
ഒരേ വിഷയത്തില്‍, സമാനമായ സാഹചര്യങ്ങളില്‍ പോലും, കോടതികളോ ന്യായാധിപന്മാരോ വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതിലാണ് അത്ഭുതമെന്ന് അദ്ദേഹം പറയുന്നു. താനൊരു സാധാരണക്കാരന്‍ എന്ന നിലയില്‍ ഇതില്‍ എപ്പോഴും അത്ഭുതപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഇപ്പോള്‍ സര്‍വ്വകലാശാലാ വിഷയങ്ങള്‍ എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. ഇതിനിടയില്‍, കണ്ണൂര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിധി എന്തായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മൂന്ന് ജഡ്ജിമാര്‍ ചേര്‍ന്ന് പുറത്തിറക്കിയ വിധി, യു.ജി.സിയുടെ അവകാശങ്ങളെ ബഹുമാനിക്കുന്നതും അതോടൊപ്പം ഗവര്‍ണറെ ബഹുമാനിക്കുന്നതുമായിരുന്നുവെന്ന് അദ്ദഹം പറഞ്ഞു.
സമീപകാലത്ത് സുപ്രീം കോടതിയിലെത്തിയ സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയിലെ വിസി നിയമന വിഷയത്തിലാണ് ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. യു.ജി.സി ചട്ടവും കണ്ണൂര്‍ വി.സി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും വി.സി നിയമനത്തിലുള്ള അധികാരം ചാന്‍സിലര്‍ക്കാണെന്നത് വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിന് പകരം സെര്‍ച്ച് കമ്മിറ്റിയെ വെച്ച് സുപ്രീംകോടതി തന്നെ വി.സിയെ നിയമിക്കുന്നത് ശരിയല്ല. നാളെ ഭരണഘടനാ സ്ഥാപനങ്ങളോട് സുപ്രീംകോടതി ഇങ്ങനെ പെരുമാറുമോ? തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇങ്ങനെ ചെയ്യുമോ തുടങ്ങിയ ചോദ്യങ്ങളും ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായി.
വി.സി നിയമനത്തില്‍ സര്‍ക്കാരും ചാന്‍സിലറായ ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം സുപ്രീം കോടതിയിലെത്തിയിരുന്നു. തുടര്‍ന്ന് രണ്ടുപേരോടും സമവായത്തിലെത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സമവായത്തിലെത്താതിരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ സുപ്രീംകോടതി തന്നെ നേരിട്ട് ഇടപെട്ടതിനെയാണ് ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.

