തൃശ്ശൂർ ലൂർദ് കത്തിഡ്രലിലെത്തി മാതാവിന് സ്വർണക്കിരീടം സമർപ്പിച്ച് സുരേഷ് ഗോപി

തൃശ്ശൂർ: തൃശ്ശൂർ ലൂർദ് പള്ളിയിൽ മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിച്ച് നടൻ സുരേഷ് ഗോപി. മകളുടെ വിവാഹത്തിന് മുന്നോടിയായി കുടുംബത്തോടൊപ്പം എത്തിയാണ് സുരേഷ് ഗോപി സ്വർണക്കിരീടം സമർപ്പിച്ചത്. രാവിലെ 10.30-ഓടെയായിരുന്നു സുരേഷ് ഗോപി ലൂർദ് പള്ളിയിൽ എത്തിയത്.
മകളുടെ വിവാഹത്തിന് മുമ്പായി ലൂർദ് മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിക്കാമെന്ന് നേരത്തെ നേർച്ച ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വർണ്ണക്കിരീടം സമർപ്പിച്ചത്.
ബുധനാഴ്ച ഗുരുവായൂരിൽ വെച്ചാണ് മകളുടെ വിവാഹം. ഇതിന് മുമ്പേ കിരീടം സമർപ്പിക്കണമെന്ന ആഗ്രഹത്താലാണ് എത്തിയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കിരീടം സമർപ്പണമായാണ് നൽകുന്നത്. അതുകൊണ്ടുതന്നെ അതിന്റെ തൂക്കമോ വിലയോ അറിയേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശ്ശൂരിൽ ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപിയുടെ പേരാണ് ഉയർന്നു കേൾക്കുന്നത്.

