അന്തർ സംസ്ഥാന ഡീലക്സ് ബസിനു പകരം സ്വിഫ്റ്റ്; കെഎസ്ആർടിസി അടൂർ-മണിപ്പാൽ ബസ് കാസർകോട്ട് യാത്ര നിർത്തി

കാസർകോട് ∙ യാത്രക്കാരെ പെരുവഴിയിലാക്കികെഎസ്ആർടിസിയുടെ അടൂർ – മണിപ്പാൽ സർവീസ് ഇന്നലെ രാവിലെ കാസർകോട് സർവീസ് അവസാനിപ്പിച്ചു. സ്ഥിരം സർവീസ് നടത്തുന്ന ബസ് അറ്റകുറ്റപ്പണികൾക്കു കയറ്റിയതിനാൽ അന്തർ സംസ്ഥാന പെർമിറ്റില്ലാത്ത സ്വിഫ്റ്റ് ബസാണ് പകരം വിട്ടത്. ഇതാണ് സർവീസ് വഴിയിൽ മുടങ്ങാൻ കാരണം. 14 പേർ മംഗളൂരു, ഉഡുപ്പി ടിക്കറ്റ് റിസർവ് ചെയ്തിരുന്നു.
കാസർകോട്ടുനിന്ന് പകരം ബസ് ഒരുക്കണമെന്ന് കാസർകോട് ഡിപ്പോ അധികൃതരെ അറിയിച്ചിരുന്നെന്നാണ് അടൂരിലെ ഡിപ്പോ അധികൃതർ പറയുന്നത്. എന്നാൽ ഇത്തരത്തിൽ സർവീസ് നടത്താൻ കാസർകോട്ട് അധികമായി ഡീലക്സ് ബസ് ഇല്ല. ആശയവിനിമയത്തിൽ അപാകതയുണ്ടായെന്നാണു സൂചന. അടൂരിൽ നിന്നു വൈകിട്ട് 4.20ന് പുറപ്പെടേണ്ട ബസ് അര മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
ഡീലക്സ് ബസിനു പകരം വന്ന സ്വിഫ്റ്റ് ബസ് കെഎസ്ആർടിസി ജീവനക്കാർ തന്നെയാണ് ഓടിച്ചത്. കാസർകോട് ബോർഡാണു വച്ചത്. കാസർകോട് കഴിഞ്ഞ് പോകേണ്ട യാത്രക്കാർ ഇതു ചോദ്യം ചെയ്രു. കാസർകോട്ടുനിന്ന് മണിപ്പാലിലേക്ക് മറ്റൊരു ബസ് ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് യാത്രക്കാർക്കു ലഭിച്ച മറുപടി. കോഴിക്കോടെത്തിയപ്പോഴും യാത്രക്കാർ ഡിപ്പോ അധികൃതരോട് കാസർകോട് ബോർഡിന്റെ കാര്യം പറഞ്ഞു. തുടർ യാത്രയ്ക്ക് സംവിധാനമുണ്ടെന്നാണ് അപ്പോഴും മറുപടി കിട്ടിയത്. പുലർച്ചെ 4നു മുൻപ് കാസർകോടെത്തേണ്ട ബസ് 4 മണിക്കൂറോളം വൈകിയാണെത്തിയത്.

