നാടിനെ വിഭജിച്ച് ദേശീയപാത വികസനം; സമരത്തിന് അവധിയില്ല: നിർമാണ പ്രവൃത്തി കർമസമിതി തടഞ്ഞു; ഐക്യദാർഢ്യവുമായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ

കാസർകോട്: ദേശീയപാത പ്രവൃത്തി നടക്കുന്ന നുള്ളിപ്പാടി മേഖലയിൽ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ടുള്ള സമരം ഞായറാഴ്ചയും തുടർന്നു.
രാവിലെ ഏഴിന് തുടങ്ങിയ സമരത്തിന് ഐക്യദാർഢ്യമർപ്പിക്കാനും സ്ഥലം സന്ദർശിക്കാനും എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഒമ്പതോടെ എത്തി. ലക്ഷ്യത്തിലെത്തുന്നതുവരെ സമരം തുടരണമെന്നും ജനങ്ങളുടെ കൂടെ ഉണ്ടാകുമെന്നും എം.എൽ.എ പറഞ്ഞു.
രാവിലെ 7.30ഓടെ നിർമാണ പ്രവൃത്തിക്കെത്തിയ ജോലിക്കാരെ കർമസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. ശനിയാഴ്ചയും മേഖലയിൽ പണി നടന്നില്ല. അനുഭാവപൂർവമായ തീരുമാനമാകുന്നതുവരെ പ്രവൃത്തി നടത്താൻ സമ്മതിക്കില്ലെന്ന് കർമസമിതി ഭാരവാഹികൾ ‘മാധ്യമ’ത്തോട് പറഞ്ഞു.

