KSDLIVENEWS

Real news for everyone

കയ്യിലിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച്‌ ഗസ്സയില്‍ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; പത്ത് പേര്‍ക്ക് പരിക്ക്

SHARE THIS ON

ഗസ്സ സിറ്റി: കയ്യിലിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച്‌ ഗസ്സയില്‍ അഞ്ച് ഇസ്രായേല്‍ സൈനികർ കൊല്ലപ്പെട്ടു.

വടക്കൻ ഗസ്സയില്‍ തിങ്കളാഴ്ച ഉണ്ടായ അപകടത്തില്‍ പത്ത് പേർക്ക് പരിക്കേറ്റു. നഹല്‍ ബ്രിഗേഡിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചവരായിരുന്നു കൊല്ലപ്പെട്ട അഞ്ച് സൈനികരും.

കമാൻഡർ യാർ യാക്കോവ് ഷുഷാൻ (23), സ്റ്റാഫ് സാർജന്റുമാരായ യഹവ് ഹദർ (20), ഗൈ കാർമിയേല്‍ (20), യോവ് ഫെഫർ (19), അവിയല്‍ വൈസ്മാൻ (20) എന്നിവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികർ. അഞ്ച് പേരുടെയും കുടുംബങ്ങളോട് സാഹചര്യത്തെക്കുറിച്ച്‌ ആശയവിനിമയം നടത്തിയതായി ഐഡിഎഫ് അറിയിച്ചു.

സൈനികരുടെ സംഘം തിങ്കളാഴ്ച രാവിലെയാണ് ബെയ്ത് ഹനൂൻ മേഖലയില്‍ ദൗത്യത്തിനായി എത്തിയത്. ഒരു കെട്ടിടത്തിനുള്ളില്‍ എഞ്ചിനീയറിംഗ് പ്രവർത്തനങ്ങള്‍ക്കായി സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിന്റെ ഫലമായി, സൈനികർ നില്‍ക്കുകയായിരുന്ന കെട്ടിടം തകർന്നുവീണു. അഞ്ച് സൈനികരും സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. സ്ഫോടനം ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്ന് സൈന്യം അറിയിച്ചു.

കഴിഞ്ഞ മാസങ്ങളായി വടക്കൻ ഗസ്സയില്‍ ശക്തമായ ആക്രമങ്ങളാണ് ഇസ്രായേല്‍ സൈന്യം നടത്തുന്നത്. ഹമാസ് അംഗങ്ങള്‍ വീണ്ടും സംഘടിക്കുന്നത് തടയാനെന്ന പേരിലാണ് ആക്രമണങ്ങള്‍. കഴിഞ്ഞ ദിവസം മാത്രം പ്രദേശത്ത് ഏകദേശം 50 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!