KSDLIVENEWS

Real news for everyone

പൗരത്വം തീരുമാനിക്കുംവരെ വോട്ടവകാശം തടയാനാകുമോ: തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി

SHARE THIS ON

ന്യൂഡൽഹി: കേന്ദ്രസർക്കാർ പൗരത്വം തീരുമാനിക്കുംവരെ ഒരു വ്യക്തിയുടെ വോട്ടവകാശം തടയാൻ കഴിയുമോയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി.

വോട്ടറുടെ യോഗ്യത പരിശോധിക്കാൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് (ഇആർഒ) നിയമപ്രകാരം അധികാരമുണ്ടെന്ന് കമ്മിഷൻ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ എസ്‌ഐആറുമായി (വോട്ടർപട്ടിക തീവ്രപരിഷ്കരണം) ബന്ധപ്പെട്ട കേസിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദ്യമുന്നയിച്ചത്. കേസിൽ വ്യാഴാഴ്ച വാദംതുടരും.

വോട്ടറുടെ യോഗ്യതയിൽ സംശയംതോന്നിയാൽ അറിയാനുള്ള അന്വേഷണം നടത്താൻ ഇആർഒയ്ക്ക് അധികാരമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി പറഞ്ഞു. പല നിയമത്തിലും പൗരത്വം പരിശോധിക്കാനുള്ള ഇത്തരം അധികാരം നൽകിയിട്ടുണ്ടെന്ന് ഖനി, ധാതുവികസന നിയന്ത്രണനിയമം ചൂണ്ടിക്കാട്ടി ദ്വിവേദി വിവരിച്ചു. ഈ നിയമപ്രകാരം ഖനന ലൈസൻസ് നൽകുന്നത് ഇന്ത്യൻ പൗരനാണെന്ന് ഉറപ്പുവരുത്തണം. അതിനാൽ ഇക്കാര്യം ലൈസൻസ് നൽകുന്നതിനുമുൻപ് ബന്ധപ്പെട്ട അധികൃതർക്ക് പരിശോധിക്കാമെന്നും ദ്വിവേദി വ്യക്തമാക്കി.

ഒരു വ്യക്തിയുടെ പൗരത്വത്തിൽ സംശയംതോന്നുകയും അക്കാര്യം നിർണയിക്കാൻ കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്താൽ, തീരുമാനം വരുന്നതുവരെ വോട്ടവകാശം നിഷേധിക്കാനാകുമോയെന്ന് ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി ചോദിച്ചു. വിദേശിയാണോ അല്ലയോ എന്നും ഇന്ത്യയിൽത്തന്നെ തുടരാൻ അനുവദിക്കാമോയെന്നും തീരുമാനിക്കാൻ കേന്ദ്രസർക്കാരിനുവിടുകയാണ് ചെയ്യുക. തീരുമാനത്തിനായി കമ്മിഷൻ കാത്തിരിക്കില്ല. വോട്ടർപട്ടികയിലെ ചിലർ അയോഗ്യരെന്നുകണ്ടാലും തിരഞ്ഞെടുപ്പ് നടപടികൾ തുടരുകതന്നെചെയ്യും. ആരെങ്കിലും ചോദ്യംചെയ്താൽ കോടതി തീരുമാനിക്കുമെന്നും ദ്വിവേദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!