ഇറാനെ അമേരിക്ക ആക്രമിച്ചേക്കുമെന്ന് അഭ്യൂഹം; പശ്ചിമേഷ്യയാകെ ആശങ്കയില്‍; പതിനായിരത്തോളം ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങി

തെഹ്റാൻ: ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായ ഇറാനില്‍, അമേരിക്ക ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹം പരന്നതോടെ ഇന്ത്യാക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങി.
ഏകദേശം പതിനായിരത്തോളം ഇന്ത്യാക്കാർ ഇറാനിലുണ്ടെന്നാണ് നിഗമനം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. ടെഹ്‌റാനിലെയും ഇസ്ഫഹാനിലെയും മെഡിക്കല്‍ കോളേജുകളിലടക്കം നിരവധി ഇന്ത്യൻ വിദ്യാർത്ഥികള്‍ പഠിക്കുന്നുണ്ട്. ഇതിന് പുറമെ തീർത്ഥാടകരായി ഇറാനിലെത്തിയവരും ഇവിടെയുണ്ടെന്നാണ് കേന്ദ്രസർക്കാരിൻ്റെ വിലയിരുത്തല്‍.
ഇറാൻ ഇന്ന് വ്യോമാതിർത്തി അടച്ചതോടെയാണ് ആശങ്ക ഉയർന്നത്. പശ്ചിമേഷ്യയിലാണ് ആശങ്ക ഉയർന്നിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരോട് ഇറാനിലേക്ക് പോകരുതെന്നും ഇറാനിലുള്ളവരോട് ഉടൻ മടങ്ങാനും നിർദേശം വിദേശകാര്യ മന്ത്രാലയം നിർദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളില്‍ ഇന്ത്യാക്കാർ പോകരുതെന്നും മുന്നറിയിപ്പുണ്ട്. വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഇന്ത്യൻ എംബസിയില്‍ നിന്ന് ബന്ധപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും എംബസിയില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നാളെ രാവിലെയോടെ ആദ്യ ബാച്ച് ഇന്ത്യൻ സംഘത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി തയ്യാറായി നില്‍ക്കാൻ ഇന്ത്യാക്കാർക്ക് എംബസിയില്‍ നിന്ന് നിർദേശം നല്‍കിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍, എല്ലാ വിദ്യാർത്ഥികളെയും തിരികെ കൊണ്ടുവരുമെന്നാണ് അറിയിപ്പ്. +989128109115, +989128109109, +989128109102, +989932179359 എന്നീ നമ്പറുകളില്‍ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം. ഇതില്‍ ലഭ്യമാകുന്നില്ലെങ്കില്‍ cons.tehran@mea.gov.in എന്ന ഇമെയില്‍ ഐഡി ഉപയോഗിച്ചും ബന്ധപ്പെടാവുന്നതാണ്.

