ബാവിക്കര റെഗുലേറ്റർ നാടിന് സമർപ്പിച്ചു

പൊയിനാച്ചി: ജില്ലയിലെ എറ്റവും വലിയ വിവിധോദ്ദേശ്യ ജലവിതരണ പദ്ധതിയായ പയസ്വിനിപ്പുഴയിലെ ബാവിക്കര റെഗുലേറ്റർ ഉത്സവാന്തരീക്ഷത്തിൽ നാടിന് സമർപ്പിച്ചു. ഞായറാഴ്ച വൈകീട്ട് ജലവിഭവമന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത്.
മഹാലക്ഷ്മിപുരത്തെ ബാവിക്കര പദ്ധതിപ്രദേശത്ത് നടന്ന യോഗത്തിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. കെ.കുഞ്ഞിരാമൻ എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. കെ.രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനത്തിന് ആശംസനേർന്ന് സന്ദേശമയച്ചു.
ചീഫ് എൻജിനീയർ അലക്സ് വർഗീസ്, ചെറുകിട ജലസേചന വിഭാഗം കോഴിക്കോട് സൂപ്രണ്ടിങ് എൻജിനീയർ എം.കെ.മനോജ്, കാസർകോട് എക്സി. എൻജിനീയർ പി.ടി.സഞ്ജീവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ചെമ്മനാട് പഞ്ചായത്തംഗം ടി.പി.നാസർ, വി.രാജൻ, സുരേഷ് പുതിയേടത്ത്, ഹരീഷ് ബി.നമ്പ്യാർ, റഗുലേറ്റർ നിർമാണസഹായസമിതി ചെയർമാൻ എ.ഗോപിനാഥൻ നായർ, ബാവിക്കര റഗുലേറ്റർ കർമസമിതി കൺവീനർ ഇ.കുഞ്ഞിക്കണ്ണൻ, ബഷീർ മുനമ്പം എന്നിവർ സംസാരിച്ചു. ബാവിക്കര റഗുലേറ്ററിന്റെ നിർമാണത്തിന് സഹായനിർദേശങ്ങൾ നൽകിയ ചെറുകിട ജലസേചനവിഭാഗം ഉദ്യോഗസ്ഥരെയും പദ്ധതിയുടെ നിർവഹണത്തിൽ പങ്കാളികളായവരെയും പൊതുപ്രവർത്തകരെയും യോഗത്തിൽ ആദരിച്ചു.
കരാറുകാരനായ ടി.എ.അബ്ദുൽറഹിമാന് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉപഹാരം നൽകി. പടക്കംപൊട്ടിച്ചും ബിരിയാണി നൽകിയുമാണ് നാട്ടുകാർ പദ്ധതി യാഥാർഥ്യമായതിന്റെ സന്തോഷം പങ്കിട്ടത്. കാസർകോട് നഗരസഭയിലേയും മുളിയാർ, ചെമ്മനാട്, മൊഗ്രാൽ പുത്തൂർ, മധൂർ, ചെങ്കള പഞ്ചായത്തുകളിലെയും രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കാസർകോട് താലൂക്കിലെ മുളിയാർ, ബേഡഡുക്ക, പള്ളിക്കര, ചെമ്മനാട് ഗ്രാമപ്പഞ്ചായത്തുകളിൽ കാർഷിക ജലസേചനസൗകര്യം ഏർപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ് പദ്ധതി. വർഷത്തിൽ രണ്ടുമാസത്തോളം ഉപ്പുവെള്ളം കുടിക്കേണ്ടിവരുന്നവരുടെ ദുഃസ്ഥിതിക്കും ഇതോടെ പരിഹാരമായി.

