നെല്ലിക്കട്ട-അതൃക്കുഴി റോഡിൽ യാത്ര ദുഷ്കരം

ചെർക്കള: റോഡ് നവീകരണം പലയിടങ്ങളിലും തകൃതിയായി നടക്കുമ്പോഴും നെല്ലിക്കട്ട-അതൃക്കുഴി റോഡിലെ ദുരിതയാത്രയ്ക്ക് പരിഹാരമായില്ല. കാസർകോട്ടുനിന്ന് ബദിയഡുക്ക ഭാഗങ്ങളിലേക്കുള്ള എളുപ്പവഴിയാണിത്. നെല്ലിക്കട്ടയിൽനിന്ന് അതൃക്കുഴിവഴി ആലംപാടി-മാന്യ റോഡിൽ മാങ്കുണ്ടിലേക്കെത്തുന്ന രണ്ടുകിലോമീറ്ററിൽ ഒന്നരകിലോമീറ്ററോളം ഭാഗത്താണ് കരിങ്കൽച്ചീളുകൾ പൂർണമായും ഇളകിമാറി കുഴികൾ രൂപപ്പെട്ടത്. നെല്ലിക്കട്ടയിൽനിന്ന് ചെർക്കളവഴി ദേശീയപാതയിൽ നായന്മാർമൂലയിലെത്തുന്നതിന് ഒൻപതുകിലോമീറ്റർ സഞ്ചരിക്കേണ്ടിടത്ത് ഇതുവഴി ആറുകിലോമീറ്റർ മതിയാകും. നെല്ലിക്കട്ട-ചെർക്കള അന്തർസംസ്ഥാന പാതയിൽ എടനീർ ഉൾപ്പെടെയുള്ള ഭാഗങ്ങളിലും റോഡ് തകർന്നിട്ടുണ്ട്. ഇടക്കാലത്ത് നിർത്തിവെച്ചിരുന്ന ചെർക്കള-ചെർളടുക്ക റോഡ് നവീകരണ പ്രവൃത്തി ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്. നിലവിലുള്ള റോഡ് പൂർണമായും ഇളക്കിമാറ്റിയാണ് മെക്കാഡംടാർ ചെയ്യുന്നത്. ചെർളടുക്കയിൽനിന്നാണ് റോഡ് പണി പുനരാരംഭിച്ചത്. നെല്ലിക്കട്ടയ്ക്കും ചെർക്കളയ്ക്കും ഇടയിൽ നവീകരണം തുടങ്ങുന്നതോടെ കാസർകോട് ഭാഗത്തേക്കുളള യാത്ര ഏറെ പ്രയാസമാകും. ഈ സാഹചര്യത്തിൽ നെല്ലിക്കട്ട-അതൃക്കുഴി റോഡ് ഏറെ ആശ്വാസകരമാകും. നെല്ലിക്കട്ട ഭജനമന്ദിരം മുതൽ അതൃക്കുഴി അങ്കണവാടിവരെയുള്ള ഒരു കിലോമീറ്ററും ആലംപാടി-മാന്യ റോഡിൽ മാങ്കുണ്ടുനിന്ന് അതൃക്കുഴി പാലം വരെയുള്ള അരകിലോമീറ്ററുമാണ് തകർന്നുകിടക്കുന്നത്. ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്കും ഇതുവഴിയുള്ള യാത്ര ദുരിതമാവുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കരിങ്കൽച്ചീളുകൾ തെറിക്കുന്നത് കാൽനടയാത്രക്കാർക്കും ഭീഷണിയാണ്.

