ഡിജിറ്റല്‍ ലോകത്തെ മത്സരം: നിയമവുമായി കേന്ദ്രം, അന്യായ വ്യാപാരരീതി പിന്തുടര്‍ന്നാല്‍ പിഴ

ഭീമന്മാർ തമ്മിലുള്ള അനാരോഗ്യകരമായ കിടമത്സരം ഒഴിവാക്കാനും അന്യായമായ വ്യാപാരരീതികൾ തടയാനും ഡിജിറ്റൽ മത്സരനിയമം വരുന്നു. അന്യായ വ്യാപാരരീതികൾ പിന്തുടരുന്ന ഡിജിറ്റൽ, ടെക് കമ്പനികൾക്ക് പിഴശിക്ഷ ഉൾപ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് കരട് ബിൽ. കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് ഡിജിറ്റൽ കോമ്പറ്റീഷൻ ബില്ലിന്റെ കരട് തയ്യാറാക്കിയത്. ഇ-കൊമേഴ്സ് മേഖലയിലെ ഗേറ്റ്കീപ്പർ പ്ലാറ്റ്ഫോമുകളെ തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളും കരടിലുണ്ട്. സമിതി അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമാകും മന്ത്രാലയം ബിൽ അന്തിമമാക്കുക. 2023 ഫെബ്രുവരിയിലാണ് സർക്കാർ ഡിജിറ്റൽ കോമ്പറ്റീഷൻ ലോ കമ്മിറ്റി രൂപവത്കരിച്ചത്. കോർപ്പറേറ്റ് കാര്യ സെക്രട്ടറി മനോജ് ഗോവിലിന്റെ നേതൃത്വത്തിലാണ് സമിതി. ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തെ ആരോഗ്യകരമായ മത്സരാധിഷ്ഠിതരീതിയെ ദോഷമായി ബാധിക്കാൻ സാധ്യതയും ശേഷിയുമുള്ള സ്ഥാപനങ്ങളെ സിസ്റ്റമാറ്റിക്കലി ഇമ്പോർട്ടന്റ് ഡിജിറ്റൽ ഇന്റർമീഡിയറികൾ (എസ്.ഐ.ഡി.ഐ.) ആയി തരംതിരിക്കും. സ്ഥാപനത്തിന്റെ വരുമാനം, മാർക്കറ്റ് വിഹിതം, അന്തിമ ഉപയോക്താക്കളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാകും തരംതിരിവ്. വിപണിയിൽ ആധിപത്യം പുലർത്തുന്ന സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞ് ന്യായവും സുതാര്യവും മത്സരാധിഷ്ഠിതവുമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള പ്രത്യേക നടപടിക്രമങ്ങളുമുണ്ടാകും.