കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയവരുടെ വാഹനം ബസുമായി കൂട്ടിയിടിച്ചു; പത്ത് ഭക്തര്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടവര്‍ സഞ്ചരിച്ച ബൊലേറോ ബസുമായി കൂട്ടിയിടിച്ച് പത്ത് ഭക്തര്‍ക്ക് ദാരുണാന്ത്യം. പ്രയാഗ്‌രാജ്-മിര്‍സാപുര്‍ ദേശീയപാതയില്‍ മേജാ പ്രദേശത്ത് ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയില്‍നിന്നാണ് ഭക്തരുടെ സംഘം കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നിര്‍വഹിക്കാന്‍ പുറപ്പെട്ടത്. ഇവരുടെ ബൊലേറോ മധ്യപ്രദേശിലെ രാജ്ഗഢില്‍നിന്ന് വരികയായിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്. ബസ് യാത്രികര്‍ക്ക് സാരമായ പരിക്കുകളേ ഉണ്ടായിട്ടുള്ളുവെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സ്വരൂപ് റാണി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി യമുനാനഗര്‍ ഡി.സി.പി. വിവേക് ചന്ദ്ര യാദവ് പറഞ്ഞു.