സ്കൂളിൽ വിദ്യാർഥികളുടെ അച്ചടക്കമുറപ്പാക്കാൻ അധ്യാപകർ കൈയിൽ ചെറുചൂരൽ കരുതട്ടെ: ഹൈക്കോടതി

കൊച്ചി: സ്കൂളിൽ വിദ്യാർഥികളുടെ അച്ചടക്കമുറപ്പാക്കാൻ അധ്യാപകർ കൈയിൽ ചെറുചൂരൽ കരുതട്ടെയെന്നും ആരെങ്കിലും പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും ഹൈക്കോടതി.
കുട്ടികളുടെ നല്ല ഭാവിക്കായി ചെറുശിക്ഷ നൽകിയാൽ ക്രിമിനൽ കേസ് രജിസ്റ്റർചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലിചെയ്യേണ്ടത്. എന്തിനും ഏതിനും കേസുകൊടുക്കുന്ന ‘കോമൻ ചേട്ടനെ’ക്കുറിച്ച് 2024-ലെ സ്കൂൾ പ്രവേശനദിവസം ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച റഫീഖ് അഹമ്മദിന്റെ കവിതയും ഉത്തരവിൽ ഉൾപ്പെടുത്തി.
ആറാംക്ലാസുകാരനെ ചൂരൽകൊണ്ട് അടിച്ചെന്ന പരാതിയിൽ വിഴിഞ്ഞം പോലീസ് രജിസ്റ്റർചെയ്ത കേസിൽ അധ്യാപകന് മുൻകൂർജാമ്യം അനുവദിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവിലാണ് ഈ നിരീക്ഷണം.
ചൂരൽ പ്രയോഗിക്കാതെ വെറുതേ കൈയിൽ കരുതുന്നതുപോലും കുട്ടികളിൽ വലിയ മാറ്റമുണ്ടാക്കും. അധ്യാപകരെ തടഞ്ഞുവെച്ചതിന്റെയും മർദിച്ചതിന്റെയും വാർത്തകളാണ് വരുന്നത്. ഇത് പ്രോത്സാഹിപ്പിക്കാനാകില്ല.
അധ്യാപകരാണ് കുട്ടികളെ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നത്. അധ്യാപകർ നുള്ളിയെന്നും അടിച്ചെന്നും തുറിച്ചുനോക്കിയെന്നുമൊക്കെയുള്ള പരാതിയുമായി രക്ഷിതാക്കളും കുട്ടികളുമൊക്കെ വരാം. അങ്ങനെയുള്ളപ്പോഴൊക്കെ പ്രാഥമികാന്വേഷണം നടത്തണം. ഇതിനർഥം യുക്തിരഹിതമായ ബുദ്ധിമുട്ട് കുട്ടികൾക്ക് ഉണ്ടാക്കാം എന്നല്ല -കോടതി പറഞ്ഞു.
പോലീസ് ചെയ്യേണ്ടത്
* കേസ് രജിസ്റ്റർചെയ്യുന്നതിനുമുൻപ് പ്രാഥമികാന്വേഷണം നടത്തണം
* ആവശ്യമെങ്കിൽ അധ്യാപകർക്ക് നോട്ടീസ് നൽകാം. പ്രാഥമികാന്വേഷണഘട്ടത്തിൽ അറസ്റ്റുചെയ്യരുത്
* ഇക്കാര്യം നിർദേശിച്ച് പോലീസ് മേധാവി ഒരുമാസത്തിനുള്ളിൽ സർക്കുലർ പുറപ്പെടുവിക്കണം
പരാതിക്കാർ ‘കോമൻ ചേട്ടൻ’മാരാകരുത്
‘കോഴിക്കാലൻ കോമൻ ചേട്ടൻ
കോടതിയെന്നും കേറിയിറങ്ങും
ഓലയൊടിഞ്ഞാൽ, വേലിപൊളിഞ്ഞാൽ
പോലീസ് സ്റ്റേഷനിലോടിച്ചെല്ലും…’ എന്നാരംഭിക്കുന്ന കവിതയിലെ കോമൻ ചേട്ടൻ എന്തിനും ഏതിനും കേസുകൊടുക്കുന്ന കഥാപാത്രമാണ്. അധ്യാപകർക്കെതിരേ പരാതി ഉന്നയിക്കുന്നത് കോമൻ ചേട്ടൻമാരെപ്പോലുള്ളവരല്ലെന്ന് ഉറപ്പാക്കണം.
എന്നാൽ, കോമൻ ചേട്ടനെപ്പോലുള്ളവർ ഇല്ലായിരുന്നെങ്കിൽ കോടതിയിലുള്ള നല്ല പങ്ക് കേസുകളും ഉണ്ടാകുമായിരുന്നില്ല എന്നും കോടതി പറഞ്ഞു.